കൊച്ചി: വർഷങ്ങളായുള്ള തർക്കത്തിനും അനിശ്ചിതത്വത്തിനുമൊടുവിൽ പൈപ്പുകളിലൂടെ വീടുകളിൽ പാചകവാതകമെത്തിക്കുന്ന സിറ്റിഗ്യാസ് പദ്ധതിക്ക് കൊച്ചി കോർപ്പറേഷന്റെ പച്ചക്കൊടി. പദ്ധതിക്കായി ഇന്ത്യൻ ഓയിൽ അദാനി ഗ്രൂപ്പിന് പൈപ്പ് ഇടാൻ നഗരപരിധിയിലെ റോഡുകളിൽ കുഴിയെടുക്കാൻ കഴിഞ്ഞദിവസം കൗൺസിൽ യോഗം അനുമതിനൽകി. മൂന്നു വർഷത്തോളമായി പൈപ്പുകൾ ഇടാനായി അനുമതിതേടി അദാനി ഗ്രൂപ്പ് രംഗത്തുണ്ടായിരുന്നു. കോർപ്പറേഷൻ മുന്നോട്ടുവച്ച നിബന്ധനകൾ സംബന്ധിച്ച് തർക്കമുണ്ടായതോടെയാണ് അനുമതി നീണ്ടത്. സംസ്ഥാന സർക്കാർ ശക്തമായി ഇടപെട്ടതോടെയാണ് അനുമതി നൽകിയത്. കോർപ്പറേഷന്റെ 74 ഡിവിഷനുകളിലെയും വീടുകളിൽ പാചകവാതകമെത്തിക്കുന്ന പദ്ധതിയാണിത്.
റോഡ് പൊളിക്കലിൽ തുടങ്ങിയ തർക്കം
പൈപ്പിടുന്നതിന് വെട്ടിപ്പൊളിക്കുന്ന റോഡ് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് പദ്ധതി ഇത്രയും വൈകിയത്. റോഡിന്റെ പുനർനിർമ്മാണം കമ്പനിയെത്തന്നെ ഏല്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് വന്നതോടെ പ്രശ്നത്തിന് പരിഹാരമായി. കോർപ്പറേഷൻ എൻജിനിയറുടെ മേൽനോട്ടത്തിലാവണം റോഡ് പുനർനിർമ്മാണമെന്ന് നിർദേശമുണ്ട്.
കോർപ്പറേഷന്റെ നിബന്ധനകൾ
പൈപ്പിടാൻ ഓരോ റോഡുകൾ മാത്രമേ മുറിക്കാവൂ
റോഡ് മുറിക്കുമ്പോഴുള്ള ഗതാഗത ക്രമീകരണത്തിന് കമ്പനി പ്ലാൻ തയ്യാറാക്കി അംഗീകാരം വാങ്ങണം
സമയക്രമം തയ്യാറാക്കി ബന്ധപ്പെട്ട കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും നൽകണം.
റോഡരികിൽ പൈപ്പിറക്കിവച്ച് ഗതാഗതതടസം സൃഷ്ടിക്കരുത്.
റോഡിൽ നേരത്തെ സ്ഥാപിച്ച കേബിളുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം
വാഹന, പൊതുജന സഞ്ചാരത്തിന് പരമാവധി സൗകര്യമൊരുക്കണം
കിടങ്ങുകളിൽ അപകടം ഒഴിവാക്കാൻ വേലികളും ബാരിക്കേഡുകളും റിഫ്ളക്ടറുകളും സ്ഥാപിക്കണം
റോഡ് യഥാസമയം പഴയപടിയാക്കണം
ജനങ്ങളെ ചുറ്റിക്കരുത്
വ്യവസ്ഥകളോടെയാണ് റോഡുകളിൽ കുഴിയെടുക്കാൻ അനുമതി നൽകിയത്. വികസന പദ്ധതികൾ തടസപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നില്ല. പദ്ധതിക്കുവേണ്ടി റോഡുകളിൽ കുഴിയെടുക്കുമ്പോൾ പൂർവസ്ഥിതിയിലാക്കുമെന്നും അതേനിലവാരത്തിൽ ടാറിംഗ് നടത്തുമെന്നും ഉറപ്പുവേണം. കൗൺസിലിന്റെ അനുമതി ലഭിച്ചതിനാൽ ഇനി തടസങ്ങളുണ്ടാവില്ല
സൗമിനി ജെയിൻ
മേയർ
ഔദ്യോഗിക അറിയിപ്പിന് കാത്തിരിക്കുന്നു
റോഡ് പൊളിക്കുന്നതിന് അനുമതി നൽകികൊണ്ട് കോർപ്പറേഷൻ സെക്രട്ടറി കത്തുനൽകാതെ ജോലി ആരംഭിക്കാൻ കഴിയില്ല. ഇതുവരെ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. പദ്ധതി ചുവപ്പുനാടയിൽ കുരുങ്ങരുതെന്ന് ആഗ്രഹമുണ്ട്.
അജയ് പിള്ള, അസറ്റ് ഹെഡ്
ഐ.ഒ.സി അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ്