test

കൊച്ചി : സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസിനുള്ള ഓൺലൈൻ ലേണേഴ്സ് പരീക്ഷയെഴുതുന്നവർ കുരുക്കിൽ. സാങ്കേതികതകരാറുകൾ കാരണം പരീക്ഷ മുടങ്ങുന്നത് പതിവാകുന്നു. സർവതും ഓൺലൈനായിട്ടും അപേക്ഷകർ വട്ടംചുറ്റുകയാണ്.

വെബ്സെെറ്റ് നിശ്ചലം

പരീക്ഷയെഴുതുന്നതിനിടെ വെബ്സൈറ്റ് നിശ്ചലമാവുന്നതും അറിയാതെ ലോഗ് ഔട്ടാവുന്നതും പതിവെന്നാണ് പരാതി. ഇതുമൂലം ഒട്ടേറെ പേർക്ക് അവസരം നഷ്ടമാകുന്നുണ്ട്. മറ്റൊരുദിവസം ഉറപ്പിച്ചശേഷം വീണ്ടും പരീക്ഷയെഴുതേണ്ടിവരുന്നു. മൊബൈൽ ഫോണിൽ പരീക്ഷയെഴുതുന്നവർക്കാണ് കൂടുതൽ ദുരിതം. മുമ്പുണ്ടായിരുന്ന പരീക്ഷയിൽനിന്ന് വ്യത്യസ്തമായി 50 ചോദ്യങ്ങളിൽ 30 ശരിയുത്തരമെഴുതിയാലേ വിജയിക്കൂ. ഒരു ചോദ്യത്തിന് 36 സെക്കൻഡാണ് ഉത്തരം എഴുതാൻ സമയം. വൈകീട്ട് ആറിനാണ് പരീക്ഷ ആരംഭിക്കുക. ലോഗിൻ ചെയ്യാനുള്ള ഒ.ടി.പി.യും കിട്ടും. ഒ.ടി.പി. ഉപയോഗിച്ച് ഒരു തവണമാത്രമേ ലോഗിൻ ചെയ്യാനാകൂ. ഇതാണ് ഇടയിൽ ലോഗ് ഔട്ടായാൽ പരീക്ഷ മുടങ്ങാൻ കാരണം.

കൊവിഡിനുമുമ്പ്

കൊവിഡ് കാലത്തിനുമുമ്പ് ലേണേഴ്സ് പരീക്ഷ അതത് മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിലാണ് നടന്നിരുന്നത്. ഇപ്പോൾ വീട്ടിലിരുന്ന് തന്നെ പരീക്ഷയെഴുതാം. മോട്ടോർ വാഹനവകുപ്പ് സാരഥി സോഫ്റ്റ്‌വെയറിയിലേക്ക് മാറിയതോടെയാണ് ഓൺലൈനായി പരീക്ഷയെഴുതാൻ കഴിയുന്നത്. പക്ഷേ സാങ്കേതികതടസങ്ങൾ പതിവായി. ഇന്റർനെറ്റ് കണക്ഷനിലെ തടസം കാരണം പരീക്ഷ മുടങ്ങുന്നതും പതിവാണ്.

സേവനങ്ങളെല്ലാം ഓൺലൈനിൽ

ലൈസൻസ് പുതുക്കൽ സേവനങ്ങളെല്ലാം ഓൺലൈനിലായയിട്ടും ഓൺലൈനിൽ നൽകിയ അപേക്ഷ നേരിട്ടെത്തിക്കണമെന്ന മോട്ടോർവാഹന വകുപ്പ് ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസുകളെല്ലാം കേന്ദ്രീകൃത കമ്പ്യൂട്ടർ സംവിധാനമായ 'സാരഥി'യിലേക്കു മാറ്റിയിരുന്നു. ഏത് ഓഫീസിലും അപേക്ഷ സ്വീകരിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം.ലൈസൻസ് പുതുക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യണമെങ്കിൽ എടുത്ത ഓഫീസിൽത്തന്നെ മുമ്പ് അപേക്ഷ നൽകേണ്ടയിരുന്നു. അതത് ഓഫീസുകളിലെ രേഖകൾ അവിടെ മാത്രം ലഭ്യമായിരുന്ന സമയത്താണ് നിബന്ധന ഏർപ്പെടുത്തിയത്. സാരഥിയിലേക്കു വന്നപ്പോൾ ഉദ്യോഗസ്ഥർക്ക് ഏത് ഓഫീസിൽനിന്നു നൽകിയ ലൈസൻസിന്റെ വിവരങ്ങളും എടുക്കാനാകും. ഓൺലൈനിൽ അപേക്ഷ സ്വീകരിച്ച് പുതിയ ലൈസൻസ് വിതരണം ചെയ്യാനാവശ്യമായ വിവരങ്ങളെല്ലാം സാരഥിയിൽ ലഭ്യമാണ്. എന്നാൽ, അപേക്ഷ സ്വീകരിക്കാനും ലൈസൻസ് വിതരണം ചെയ്യാനുമുള്ള നടപടി പൂർത്തിയായിട്ടില്ല.

മുമ്പ് ലൈസൻസ് എടുത്തിട്ടുള്ള ഓഫീസിൽ നേരിട്ടു പോയി അപേക്ഷ നൽകുകയോ അല്ലെങ്കിൽ ഇപ്പോഴത്തെ താമസസ്ഥലത്തെ വിലാസത്തിൽ പുതിയ അപേക്ഷ നൽകുകയോ ചെയ്യണം. വിലാസം തെളിയിക്കുന്ന രേഖകളുണ്ടെങ്കിലേ താമസസ്ഥലത്തെ ഓഫീസിൽ പുതിയ അപേക്ഷ നൽകാനാകൂ.ഇടനിലക്കാരെ സമീപിക്കാൻ പലരും നിർബന്ധിതരാകുകയാണ്.

തടസങ്ങൾ പരിഹരിക്കും

വാഹൻ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കാൻ ലോഗ് ഔട്ടായാലും വീണ്ടും ലോഗിൻ ചെയ്ത് പരീക്ഷ തുടരാനുള്ള സംവിധാനമൊരുക്കും. നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററുമായി ചേർന്ന് നടപടി സ്വീകരിക്കും.

രാജീവ് പുത്തലത്ത്

ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ