കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിൽ എറണാകുളം അഡിഷണൽ സ്പെഷ്യൽ സെഷൻസ് കോടതിയിൽ നടന്നുവന്ന വിചാരണ തടഞ്ഞ ഉത്തരവ് ഹൈക്കോടതി ഈ 16 വരെ നീട്ടി. വിചാരണക്കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് ആരോപിച്ച് കോടതി മാറ്റണമെന്നാവശ്യം ഉന്നയിച്ച് ഇരയായ നടിയും പ്രോസിക്യൂഷനും നൽകിയ ഹർജിയിൽ ഇന്നലെ വരെയാണ് വിചാരണ തടഞ്ഞിരുന്നത്. ഹർജികൾ ഇന്നലെ പരിഗണനയ്ക്കു വന്നപ്പോൾ സർക്കാരിനു വേണ്ടി ഹാജരാകേണ്ട സീനിയർ ഗവ. പ്ളീഡർ ക്വാറന്റൈനിലാണെന്ന് അഭിഭാഷകർ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് വിചാരണ നീട്ടി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഹർജികൾ 16ന് വീണ്ടും പരിഗണിക്കും. 2017 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. നടൻ ദിലീപ് നൽകിയ ക്വട്ടേഷൻ പ്രകാരമാണ് പ്രതികൾ കുറ്റകൃത്യം ചെയ്തതെന്നു കണ്ടെത്തി അന്വേഷണസംഘം ദിലീപിനെ പ്രതിചേർത്ത് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് വനിതാ ജഡ്ജി അദ്ധ്യക്ഷയായ കോടതിയിൽ വിചാരണ നടത്തണമെന്ന നടിയുടെ ആവശ്യം കണക്കിലെടുത്താണ് ഹൈക്കോടതി എറണാകുളം പ്രത്യേക സി.ബിഐ. കോടതിയിൽ (അഡി.സ്പെഷ്യൽ സെഷൻസ് കോടതി) വിചാരണ നടത്താൻ നിർദേശിച്ചത്.