preetha

കൊച്ചി: 24 വർഷത്തെ സഹനസമരങ്ങൾക്ക് വിരാമമായെന്ന ആശ്വാസമായിരുന്നു പ്രീതാ ഷാജിയുടെ ജീവിതം. 2019 മാർച്ച് 24 ലെ ഹൈക്കോടതി വിധി മുറുകെപ്പിടിച്ച് രണ്ടാം ഗൃഹപ്രവേശം നടത്തിയ പ്രീത ഇപ്പോൾ നിരാശയുടെ പടുകുഴിയിലാണ്. ഹൈക്കോടതി വിധി സ്റ്റേചെയ്ത സുപ്രീംകോടതി ഉത്തരവും ഉപജീവനം ഇല്ലാതാക്കിയ കൊവിഡും കാരണം കടക്കെണിയുടെ പടുകുഴിയിലാണ് ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടം വീട്ടുകാർ.

ജാമ്യം നിന്ന് പണികിട്ടി

1994 ൽ പ്രീതയുടെ ഭർത്താവ് എം.വി. ഷാജി സുഹൃത്ത് സാജന് വർക്ക്‌ഷോപ്പ് തുടങ്ങുന്നതിനായി രണ്ടുലക്ഷം രൂപയ്ക്ക് 22.5 സെന്റ് ഭൂമി പണയപ്പെടുത്തി. പലിശ പെരുകിയതോടെ നാലുസെന്റ് വിറ്റ് ഷാജി ഒരുലക്ഷം തിരിച്ചടച്ചു. കടം 2.8 കോടിയായപ്പോൾ സർഫാസി നിയമപ്രകാരം എച്ച്.ഡി.എഫ്.സി ബാങ്ക് 38 ലക്ഷം രൂപയ്ക്ക് സ്ഥലം ലേലം ചെയ്തു. രണ്ടരക്കോടി മതിപ്പ് വിലയുള്ള ഭൂമിയാണിത്. ജപ്തിക്കെത്തിയ പൊലീസ് മണ്ണെണ്ണയിൽ കുളിച്ചുനിന്ന പ്രീതയെക്കണ്ട് പിൻവാങ്ങി. വീടിന് മുന്നിൽ ചിതകൂട്ടി അവർ പോരാട്ടം തുടർന്നു.

ആശ്വാസ വിധി

ജപ്തിയായി മൂന്നു വർഷത്തിനുള്ളിൽ സ്ഥലം വിൽക്കണമെന്നാണ് നിയമം. ഒമ്പതുവർഷം കഴിഞ്ഞ് വിറ്റതിനാൽ ലേലം റദ്ദാക്കണമെന്ന പ്രീതയുടെ വാദം കോടതി അംഗീകരിച്ചു. 43.35 ലക്ഷം രൂപ ബാങ്കിന് നൽകി വീട് വീണ്ടെടുക്കാം, ഒരു മാസത്തിനകം തുക കെട്ടിയില്ലെങ്കിൽ ബാങ്കിന് പുതിയ ലേലനടപടി തുടങ്ങാം, വീട് ലേലം പിടിച്ചയാൾക്ക് ഒരുലക്ഷം രൂപ നൽകണമെന്നുമായിരുന്നു വിധി.

കാവൽ മാലാഖമാരായി നാട്ടുകാർ

46 ലക്ഷം എന്ന കടമ്പ താണ്ടാൻ വിഷമിച്ച പ്രീതയ്ക്കായി സർഫാസിവിരുദ്ധ സമിതി തെരുവിലിറങ്ങി. അഞ്ചുദിവസം കൊണ്ട് ജനങ്ങളിൽ നിന്ന് 50 ലക്ഷം സമാഹരിച്ചു. വിവാഹിതരായ മക്കൾ അഖിലിന്റെയും ശ്രീക്കുട്ടിയുടെയും ബന്ധുക്കൾ പണയംവയ്ക്കാൻ 10 പവൻ നൽകി.

ഇരുട്ടടിയായി സുപ്രീംകോടതി വിധി

സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഷാജിയുടെ പേരിലാക്കാൻ കാലതാമസമെടുത്തു. ഇതിനിടെ ഭൂമി വാങ്ങിയവർ സുപ്രീംകോടതിയിലെത്തി. സൗത്ത് ഇന്ത്യൻബാങ്കും കക്ഷി ചേർന്നു. നിലവിലെ സ്ഥിതിതുടരാൻ ഉത്തരവിട്ടതോടെ സ്ഥലം വിറ്റ് കടങ്ങൾ തീർക്കാമെന്ന പ്രതീക്ഷ തകർന്നു.

'ഷാജി വാടക ഓട്ടോഓടിച്ച് കിട്ടുന്ന പണം വീട്ടാവശ്യങ്ങൾക്കുപോലും തികയില്ല. ആപത്തുകാലത്ത് കൂടെ നിന്നവരുടെ പണം തിരിച്ചു കൊടുക്കാൻ വഴികാണാതെ തീ തിന്നുകയാണ്'.

പ്രീതാ ഷാജി