ആലുവ: ആലുവ നഗരസഭയിൽ എൻ.സി.പിക്ക് സീറ്റ് നൽകിയില്ലെങ്കിൽ സ്വന്തം നിലയിൽ സ്ഥാനാർത്ഥിയെ നിർത്താൻനീക്കം. മൂന്ന്, 18 വാർഡുകളിൽ സ്ഥാനാർത്ഥികളെ നിർത്താനാണ് നേതൃത്വത്തിൽ ധാരണയായിട്ടുള്ളത്.
തോട്ടക്കാട്ടുകര, ജില്ലാ ആശുപത്രി പരിസരം എന്നിവിടങ്ങളിൽ നിരവധി എൻ.സി.പി പ്രവർത്തകരുണ്ട്. ഇവിടെയാണ് സീറ്റ് ആവശ്യപ്പെട്ടിട്ടുള്ളത്. 18 -ാം വാർഡെങ്കിലും ലഭിച്ചില്ലെങ്കിൽ മുന്നണിയിൽ നിന്നും മാറി മത്സരിക്കാനാണ് ധാരണ. രണ്ടിടത്തും എൻ.സി.പി സ്ഥാനാർത്ഥികളായി പരിഗണിക്കുന്നവർ വോട്ടർമാരെ സന്ദർശിച്ച് തുടങ്ങി. ഹരിജൻ സംവരണ വാർഡായ മൂന്നിൽ ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.സി. രാജനാണ് മത്സരിക്കുന്നത്. 18ൽ എൻ.സി.പി മുൻ ബ്ളോക്ക് പ്രസിഡന്റ് രാജു തോമസാണ് രംഗത്ത്. ഇരുവാർഡിലും എൻ.സി.പി പിടിക്കുന്ന വോട്ടുകൾ ഇടതുപക്ഷത്തിന്റെ വിജയത്തെ പ്രതികൂലമായി ബാധിക്കും.
എൻ.സി.പിക്ക് നേരത്തെ മൂന്ന് അംഗങ്ങൾ വരെയുണ്ടായിരുന്ന കീഴ്മാട് ഇക്കുറി സീറ്റുകളൊന്നുമില്ല. എന്നാൽ എടത്തലയിൽ രണ്ടും ചൂർണിക്കര, ശ്രീമൂലനഗരം എന്നിവിടങ്ങളിൽ ഓരോസീറ്റും ലഭിച്ചിട്ടുണ്ട്. വാഴക്കുളം ബ്ളോക്ക് പഞ്ചായത്തിൽ എടത്തല ഡിവിഷനിലും എൻ.സി.പി മത്സരിക്കും.
ജില്ലാ പഞ്ചായത്ത് സീറ്റും നഷ്ടപ്പെട്ടു
കീഴ്മാട് ജില്ലാ പഞ്ചായത്ത് സീറ്റും ഇക്കുറി എൻ.സി.പിക്ക് നഷ്ടമായി. ജില്ലയിൽ കീഴ്മാട്, വെങ്ങോല സീറ്റുകളാണ് എൻ.സി.പി മത്സരിച്ചിരുന്നത്. ഇക്കുറി കേരള കോൺഗ്രസ് ജോസ് പക്ഷത്തിന് വേണ്ടിയാണ് കീഴ്മാട് സീറ്റ് പിടിച്ചെടുത്ത് നൽകുന്നത്. വെങ്ങോലയിൽ പാർട്ടി ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസാണ് സ്ഥാനാർത്ഥി.