ആലുവ: ആലുവ നഗരസഭയിൽ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുന്ന എൽ.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥി എം.എൻ. സത്യദേവനെ സുരക്ഷിത സീറ്റ് എന്ന നിലയിൽ ഊമൻകുഴിത്തടം പതിനൊന്നാം വാർഡിലേക്ക് മാറ്റി മത്സരിപ്പിക്കും. നേരത്തെ തോട്ടക്കാട്ടുകരയിൽ നാലാം വാർഡിൽ മത്സരിക്കാനാണ് സി.പി.എം നിശ്ചയിച്ചിരുന്നത്. ആലുവ നഗരസഭ മുൻ കമ്മിഷണറായ എം.എൻ. സത്യദേവൻ നഗരവാസികൾക്കെല്ലാം സുപരിചിതൻ എന്ന നിലയിലാണ് എൽ.ഡി.എഫ് രംഗത്തിറക്കുന്നത്.
നാലാം വാർഡിൽ കഴിഞ്ഞതവണ കോൺഗ്രസിലെ സി. ഓമനയാണ് വിജയിച്ചത്. സി.പി.എം സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി ഇക്കുറിയും ശക്തമായ മത്സരത്തിന് ഒരുക്കം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മാറ്റം.
പ്രബല സമുദായത്തിന്റെ ശക്തികേന്ദ്രമായ ഇവിടെ മൂന്ന് മുന്നണികളും അതേ വിഭാഗക്കാരെയാണ് പരിഗണിക്കുന്നത്. സിറ്റിംഗ് കൗൺസിലർ കോൺഗ്രസിലെ സൗമ്യ കാട്ടുങ്ങൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് മാത്രം ജയിച്ച വാർഡാണിത്. സൗമ്യയുടെ ഭർത്താവ് സുധീഷും അഡ്വ. ടി.എസ്. സാനുവുമാണ് ഇക്കുറി സീറ്റിനായി രംഗത്തുള്ളത്. ഭാര്യ ഒഴിയുന്നിടത്ത് ഭർത്താവിനെ പരിഗണിക്കരുതെന്ന കെ.പി.സി.സി നിർദേശം സുധീഷിന് വിനയാകും. ഈ സാഹചര്യത്തിൽ ടി.എസ്. സാനുവിനാണ് സാദ്ധ്യത. ബി.ജെ.പി സ്ഥാനാർത്ഥിയായി നിയോജകമണ്ഡലം വൈസ് പ്രസിഡന്റായ പ്രീത രവി മത്സരിക്കും.