പുതുക്കിയ റിപ്പോർട്ട് ഫെബ്രുവരിയിൽ

കൊച്ചി:വൈറ്റില മൊബിലിറ്റി ഹബ് എയർപോർട്ട് പോലെയാക്കും. രണ്ടാംഘട്ട വികസന പദ്ധതിപ്രകാരം യാത്രക്കാർക്ക് വിമാനത്താവളത്തിലെത്തുന്ന പ്രതീതി നൽകത്തക്ക രീതിയിലുള്ള രൂപകല്പനയാണ് ഒരുക്കുന്നത്. സിംഗപ്പൂർ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളെ മാതൃകയാക്കും. ഫ്രഞ്ച് ഏജൻസിയായ എ.എഫ്.ഡിയുടെ വായ്പാവാഗ്ദാനവും പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്.

രണ്ടാംഘട്ട വികസനത്തെക്കുറിച്ചുള്ള പുതുക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് ഫെബ്രുവരിയിൽ പൂർത്തിയാക്കും. മന്ത്രി എ.സി. മൊയ്തീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മൊബിലിറ്റി ഹബ്ബ് ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. വൈറ്റില മൊബിലിറ്റി ഹബിൽ സി.എൻ.ജി സ്റ്റേഷൻ സ്ഥാപിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ടിലുണ്ടാകും.സി.എൻ.ജി സ്റ്റേഷനുള്ള സ്ഥലം പാട്ടത്തിനാകും നടത്തിപ്പുകാർക്ക് നൽകുക. ഇതിനായി ഏതുഭാഗത്ത് എത്ര സ്ഥലം അനുവദിക്കണമെന്ന് തീരുമാനമായിട്ടില്ല. ഇതെല്ലാം റിപ്പോർട്ടിൽ ഉൾപ്പെടുത്തും.
വൈറ്റില മൊബിലിറ്റി ഹബ് രണ്ടാംഘട്ട വികസനത്തെക്കുറിച്ച് കെ.എം.ആർ.എൽ തയ്യാറാക്കിയ റിപ്പോർട്ടാണ് പുതുക്കുന്നത്. 26 ഏക്കർ സ്ഥലത്ത് 590 കോടി രൂപ ചെലവിൽ ബസുകൾക്ക് ടെർമിനലുകൾ, 1500 കാറും 2500 ഇരുചക്രവാഹനവും ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ അഞ്ച് നിലയിലായി പാർക്കിംഗ്, കൺവെൻഷൻ സെന്റർ, ഹോട്ടൽ, കിയോസ്‌കുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് കെ.എം.ആർ.എൽ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കിയത്.

പൊതുപങ്കാളിത്തത്തിൽ
രണ്ടാംഘട്ട വികസനം പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനാൽ റിപ്പോർട്ടിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് റിപ്പോർട്ട് പുതുക്കുന്നത്. ഇതും കെ.എം.ആർ.എല്ലാവും തയ്യാറാക്കുക. ഹബിലേക്കെത്തുന്ന റോഡുകളുടെയും നടപ്പാതകളുടെയും നവീകരണവും രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളിൽ ഉൾപ്പെടും.