charging

കൊച്ചി:ജില്ലയിലെ രണ്ട് ഇലക്ട്രിക്ക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ ശനിയാഴ്ച വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രി എം എം മണി അദ്ധ്യക്ഷനാകും. പാലാരിവട്ടം കെ.എസ്.ഇബി. പരിസരത്തും അനെർട്ടും എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡും ചേർന്ന് എറണാകുളം മേനകയിലും സ്ഥാപിച്ച സ്റ്റേഷനുകളാണിത്.

അതിവേഗ ചാർജിംഗാണ് പ്രത്യേകത.
കെ.എസ്.ഇ.ബി കോർപ്പറേഷൻ പരിധിയിൽ സ്ഥാപിച്ച സംസ്ഥാനത്തെ മൂന്നാമത്തെ ഇലക്ട്രിക്ക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനാണ് (ഇ.വി.സി.എസ്) പാലാരിവട്ടത്തേത്. 20 കിലോ വാട്ടിലും 60 കിലോ വാട്ടിലും പ്രവർത്തിക്കും. ഒരേ സമയം രണ്ട് കാറുകൾ ചാർജ് ചെയ്യാം.

ഒരു യൂണിറ്റ് വൈദ്യുതിക്ക് അഞ്ച് രൂപയാണ് നിരക്ക്. പെട്രോൾ പമ്പിലേതിന് സമാനമായി ഇചാർജിംഗ് സ്റ്റേഷനുകളിലും ബില്ലിംഗ് കാണാനാകും.
മേനക കെ.ടി.ഡി.സി ടൂറിസ്റ്റ് റിസ്പഷൻ സെന്ററിന്റെ പാർക്കിംഗ് ഗ്രൗണ്ടിലാണ് ഇ ചാർജിംഗ് സ്റ്റേഷൻ. ഒരേ സമയം മൂന്ന് വാഹനങ്ങൾ ചാർജ് ചെയ്യാം. 60 കിലോ വാട്ട് ഡി.സി ഫാസ്റ്റ് ചാർജിംഗ് മെഷീൻ ഉപയോഗിച്ച് വലിയ വാഹനങ്ങളും 22 കിലോവാട്ട് മെഷീനിൽ ചെറുവാഹനങ്ങളും ചാർജ് ചെയ്യാം. ഒരു രൂപ ചെലവിൽ വാഹന ഉപയോക്താവിന് ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകും.