നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്തിലെ ആവണംകോട് കൈതക്കാട്ടുചിറ മിനി ലിഫ്റ്റ് ഇറിഗേഷൻ കനാൽ പുനർനിർമ്മാണ സ്ഥലത്തുനിന്നും മരങ്ങൾ വിൽക്കാൻ ചിലർ നടത്തിയശ്രമം നാട്ടുകാർ തടഞ്ഞു. കനാൽ പുനർനിർമാണവും അതിനോട് ചേർന്ന് റോഡ് നിർമ്മാണവും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. കനാൽബണ്ടിൽ നിൽക്കുന്ന ആഞ്ഞിലി, മാവ്, പ്ലാവ്, പന തുടങ്ങിയ വലിയ മരങ്ങൾ നിർമ്മാണ പദ്ധതിയുടെ പേരിൽ വിൽക്കാൻ ശ്രമിച്ചെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വാർഡ് മെമ്പർ എം.വി. റജി, സി.പി.എം ആവണംകോട് ബ്രാഞ്ച് സെക്രട്ടറി എം. സുദീപ്, ലിജീഷ്, അജിത്ത്, ഉമേഷ്, വർഗീസ് തുടങ്ങിയവർ ഇറിഗേഷൻ ഉദ്യോഗസ്ഥരെ വിവരമറിയച്ചതിനനുസരിച്ച് അവർ സ്ഥലത്തെത്തി പരിശോധന നടത്തി.
നിർമ്മാണത്തിന്റെ മറവിൽ മരം വില്പനയ്ക്ക് ശ്രമിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. നിർമ്മാണ പദ്ധതി പ്രദേശത്ത് നിൽക്കുന്ന മരങ്ങൾ സർക്കാർ മാനദണ്ഡപ്രകാരം ലേലംചെയ്യുമെന്ന് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.