പറവൂർ: പറവൂർ മുതൽ മുനമ്പം കവല വരെ വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ മാറ്റിയിടുന്നതിന് 3.25 കോടി രൂപ അനുവദിച്ചു. നഗരസഞ്ചയ പ്രദേശങ്ങൾക്കുള്ള കേന്ദ്ര ധനകാര്യ കമ്മീഷന്റെ പദ്ധതിയിൽ ഉൾപെടുത്തിയാണ് പണം അനുവദിച്ചിട്ടുള്ളത്. ചിറ്റാറ്റുകര പഞ്ചായത്ത് മുഖേന വാട്ടർ അതോറിറ്റിക്കായിരിക്കും നിർവഹണ ചുമതല. പഴയ പൈപ്പുകൾ നിരന്തരമായി പൊട്ടുന്നതിനെ തുടർന്ന് ചിറ്റാറ്റുകര, വടക്കേക്കര പഞ്ചായത്തുകളിൽ കുടിവെള്ളം മുടങ്ങുന്നത് പതിവായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് പൈപ്പ് മാറ്റുന്നതിന് വേണ്ടി 3.05 കോടി അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും വാട്ടർ അതോറിറ്റിയുടെ സാമ്പത്തിക പ്രശ്നം കാരണം സംസ്ഥാനത്തെ ഇരുന്നറിലധികം പദ്ധതികൾ റദ്ദാക്കിയ കൂട്ടത്തിൽ ഈ പദ്ധതിയും റദ്ദാക്കിയിരുന്നു. വി.ഡി. സതീശൻ ഇടപെട്ടാണ് ധനകാര്യ കമ്മീഷന്റെ പദ്ധതിയിൽ ഉൾപെടുത്തി പുതിയ അനുമതി വാങ്ങിയത്.