കോലഞ്ചേരി: തക്കാളിവില കുത്തനെ ഇടിഞ്ഞു, ചില്ലറ വില്പന നാടന് 15, ആപ്പിൾ 20 എന്നീ വിലയിലേക്കാണ് താഴ്ന്നത്. കഴിഞ്ഞയാഴ്ച വരെ 50, 60 നിരക്കിലായിരുന്നു വില്പന. കൊയമ്പത്തൂരിൽ നിന്നുമാണ് പ്രധാനമായും തക്കാളി എത്തുന്നത്. മഴയാണ് തക്കാളിയുടെ വില താഴ്ത്തിയത്. മഴയിൽ തഴച്ചുവളർന്ന തക്കാളി അധികനാൾ സൂക്ഷിച്ചാൽ അഴുകിപ്പോകും.
ഈ അവസ്ഥയിൽ തക്കാളി വിളയിക്കാൻ മുടക്കുന്ന വിലപോലും കിട്ടുന്നില്ലെന്ന് കർഷകർ പറയുന്നു. ചില്ലറവില്പനക്കാരാണ് വിലത്താഴ്ച മുതലാക്കുന്നത്. ഒരേക്കർ തക്കാളിക്കൃഷിക്ക് പണിക്കൂലിയടക്കം 40,000 രൂപ ചെലവ് വരും. കിലോയ്ക്ക് കുറഞ്ഞത് 20 രൂപയെങ്കിലും തോട്ടത്തിൽ ലഭിച്ചാൽ മാത്രമാണ് കർഷകർക്ക് ആശ്വാസമാവുകയുള്ളൂ. ജില്ലയിലെ കച്ചവടക്കാരും തക്കാളി സ്റ്റോക്കു ചെയ്യുന്നത് നിർത്തി. ഇടവിട്ട് പെയ്യുന്ന മഴയും, കനത്ത ചൂടും പെട്ടുക്കുള്ളിലിരിക്കുന്ന തക്കാളി ചീയുന്നതുമാണ് കാരണം.