1
സിപിഎം കൗൺസിലർ സി.എ നിഷാദിനെതിരെ കുറ്റപത്രം സമർപ്പിക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ ജലീൽ ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര : ദുരിതാശ്വാസഫണ്ട് തട്ടിപ്പ് കേസിൽ പ്രതിയായ തൃക്കാക്കര നഗരസഭ സി.പി.എം കൗൺസിലർ സി.എ. നിഷാദിനെതിരെ കുറ്റപത്രം സമർപ്പിക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റായിരുന്ന പി.എം. മാഹിൻകുട്ടി മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകിയിട്ടും കേസെടുക്കാത്തതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടും പൊലിസ് അലംഭാവം കാട്ടുന്നു എന്നാണ് ആക്ഷേപം.

കാക്കനാട് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷനുസമീപം തടഞ്ഞു. തുടർന്ന് നടന്ന ധർണ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ജലീൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് സി.എസ് സിയാദ് അദ്ധ്യക്ഷത വഹിച്ചു. കെ.എം. അബ്ദുൽ സലാം, ടി.എം അലി, മുഹമ്മദ് സാബു, പി.എം. മാഹിൻകുട്ടി, കെ.എൻ. നിയാസ്, മുഹമ്മദ് സാദിഖ്, മുഹമ്മദ്‌‌‌ അസ്‌ലം തുടങ്ങിയവർ പ്രസംഗിച്ചു.