pension

സുപ്രീം കോടതി വിധിക്ക് വിധേയമായി നടപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി : ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെൻഷൻ നൽകണമെന്ന ഡിവിഷൻ ബെഞ്ചിന്റെ 2018 ഒക്ടോബർ 12 ലെ വിധി ആറു മാസത്തിനകം നടപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. എച്ച്.എൻ.എൽ, കേരള വനം വികസന കോർപ്പറേഷൻ തുടങ്ങിയവയിലെ ജീവനക്കാരടക്കമുള്ളവർ നൽകിയ 80 ഒാളം കോടതിയലക്ഷ്യ ഹർജികളിലാണ് നിർദ്ദേശം. സുപ്രീം കോടതിയിൽ നിലവിലുള്ള കേസിലെ വിധിയുടെ തീർപ്പിനു വിധേയമായിട്ടാകും ഇതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. കോടതിയലക്ഷ്യ ഹർജിയിൽ കക്ഷി ചേർന്ന 400 ഒാളം പേർക്കാണ് വിധി ബാധകമാവുക.

ഹൈക്കോടതിയുടെ ഉത്തരവ് ഇ.പി.എഫ് അധികൃതർ ആദ്യം നടപ്പാക്കിയിരുന്നില്ല. കോടതിയലക്ഷ്യ ഹർജി നൽകിയതോടെ കുറേ പേർക്ക് നൽകിത്തുടങ്ങി. ഹൈക്കോടതി വിധിക്കെതിരെ ഇ.പി.എഫ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. പുന:പരിശോധനാ ഹർജി സുപ്രീം കോടതിയിൽ നിലവിലുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉയർന്ന പെൻഷൻ നൽകേണ്ടെന്ന് ഇ.പി.എഫ് സെൻട്രൽ കമ്മിഷണർ സർക്കുലർ ഇറക്കി. തുടർന്നാണ് ജീവനക്കാർ വീണ്ടും കോടതിയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ പദ്ധതിയിലേക്ക് കൂടുതൽ വിഹിതം അടയ്ക്കാനും പദ്ധതി ആനുകൂല്യം കൈപ്പറ്റാനും എല്ലാ തൊഴിലാളികൾക്കും അർഹതയുണ്ടെന്നായിരുന്നു 2018 ലെ ഹൈക്കോടതി ഉത്തരവ്. പെൻഷന് അർഹമായ പരമാവധി ശമ്പളം നിജപ്പെടുത്തിയും പെൻഷൻ കണക്കാക്കാൻ അവസാനത്തെ 12 മാസത്തിനു പകരം 60 മാസത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കിയുമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി 2014 കൊണ്ടുവന്ന ഭേദഗതിയും ഇതേത്തുടർന്നുള്ള പി.എഫ് ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കിയിരുന്നു.