കൊച്ചി : കണ്ണൂർ അഞ്ചരക്കണ്ടി ഗവ. മെഡിക്കൽ കോളേജിൽ പി.ജി. ക്ളാസുകൾ പുന:രാരംഭിക്കാത്തതിന് പ്രിൻസിപ്പലിനെയും മാനേജരെയും അറസ്റ്റ് ചെയ്തു ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
കഴിഞ്ഞ മാർച്ചിൽ പി.ജി പ്രവേശനം ലഭിച്ച തിരുവനന്തപുരം സ്വദേശി ഡോ. ആൻസി. ഡോ. അമിത് കുമാർ തുടങ്ങിയ 12 വിദ്യാർത്ഥികളുടെ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
കൊവിഡ് ഇതര ചികിത്സയ്‌ക്കായി ആശുപത്രിയുടെ പ്രവർത്തനം തുടങ്ങാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ആശുപത്രി തുടങ്ങാത്തതിനാൽ ക്ളാസുകൾ നടക്കുന്നില്ലെന്നാണ് ഹർജിക്കാരുടെ പരാതി. കോഴ്സ് തുടങ്ങി ആറുമാസം കഴിഞ്ഞിട്ടും ക്ളാസ് തുടങ്ങാത്ത സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഹൈക്കോടതി നവംബർ രണ്ടിന് നിർദ്ദേശിച്ചിരുന്നു.
തുടങ്ങാത്തപക്ഷം ഇന്നലെ മാനേജരും പ്രിൻസിപ്പലും ഹാജരായി വിശദീകരണം നൽകാനും നിർദ്ദേശിച്ചിരുന്നു. അതു പാലിച്ചില്ല. ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കാൻ അപേക്ഷയും നൽകിയില്ല. തുടർന്നാണ് ഇരുവർക്കുമെതിരെ ഹൈക്കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.