കുറുപ്പംപടി: എന്റെ വീട് പെരുമ്പാവൂർ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഭവനത്തിന് മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ്ജ് എം. ജോർജ്ജ് ശിലയിട്ടു. മുത്തൂറ്റ് എം. ജോർജ്ജ് ഫൗണ്ടേഷനാണ് ഭവനം സ്പോൺസർ ചെയ്യുന്നത്. മുടക്കുഴ ഗ്രാമപഞ്ചായത്ത് പെട്ടമലയിൽ കിരിക്കാട്ടയിൽ എം.എ സുശീലക്കാണ് പുതിയ ഭവനം നിർമ്മിച്ചു നൽകുന്നത്. 500 ചതുരശ്രയടി ചുറ്റളവിലാണ് ഭവന നിർമ്മാണം. 5.50 ലക്ഷം രൂപയാണ് നിർമ്മാണത്തിനായി അനുവദിക്കുന്നത്. 2 കിടപ്പു മുറികളും അടുക്കളയും ഹാളും ശൗചാലയവും ഉൾപ്പെടുന്ന സുരക്ഷിതമായ ഭവനം ഈ കുടുംബത്തിന് നിർമ്മിച്ചു നൽകുമെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. എന്റെ വീട് പെരുമ്പാവൂർ പദ്ധതിയിലെ പതിനൊന്നാമത്തെ ഭവനമാണ് ഇത്.

പക്ഷാഘാതം ബാധിച്ച ഭർത്താവിനൊപ്പമാണ് സുശീലയുടെ താമസം. ഇതുമൂലം ജോലിക്ക് പോകുന്നതിന് സാധിക്കുന്നില്ല. വർഷങ്ങളായി ടാർപോളിൻ വെച്ചു കെട്ടിയ വീട്ടിലാണ് സുശീലയും കുടുംബവും താമസിക്കുന്നത്. 15 വർഷങ്ങൾക്ക് മുൻപ് സർക്കാരിൽ നിന്ന് അനുവദിച്ച തുക കൊണ്ട് നിർമ്മിച്ച ചെറിയ വീടാണിത്. എന്നാൽ ഭർത്താവിന് അസുഖം ബാധിച്ചതിനാൽ ഭവനത്തിന്റെ നിർമ്മാണം പൂർത്തികരിക്കുവാൻ അന്ന് സാധിച്ചിരുന്നില്ല. കഴിഞ്ഞ മഴയിൽ ഇത് പൂർണ്ണമായും നശിച്ചു പോയതിനെ തുടർന്ന് വാടക വീട്ടിലാണ് ഇപ്പോൾ സുശീലയും കുടുംബവും താമസിക്കുന്നത്.ഇവരുടെ അവസ്ഥ മുടക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി അജിത് കുമാറാണ് ശ്രദ്ധയിൽപ്പെടുത്തിയത്.

ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി വർഗീസ്, മുത്തൂറ്റ് സി.എസ്.ആർ വിഭാഗം മേധാവി ബാബു ജോൺ മലയിൽ, റീജിയണൽ മാനേജർ വിനോദ്, സി.എസ്.ആർ വിഭാഗം അസി. മാനേജർ വിപിൻ ഫ്രാൻസിസ്, മുടക്കുഴ സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി അവറാച്ചൻ, മിനി ബാബു, രാജു സി.കെ, പോൾ കെ. പോൾ, രാജീവ് എൻ.പി, ജോളി കെ. ജോസ്, അരുൺ ഗോപി, നോയൽ ജോസ് എന്നിവർ സംസാരിച്ചു.