കോലഞ്ചേരി: ചില്ലറ ക്ഷാമം രൂക്ഷമാക്കി കൊവിഡ് കാലം. പത്തിന്റെ നാണയത്തുട്ടുകൾ മാത്രമാണ് കടകളിലുള്ളത്. കുട്ടികളുടെ യാത്ര കുറഞ്ഞതും പള്ളികളും അമ്പലങ്ങളും തുറക്കാത്തതുമാണ് ചില്ലറയുടെ ക്ഷാമം രൂക്ഷമായി. ഇത് വിവിധ മേഖലകളിലെ സാധാരണക്കാരെ ദുരിതത്തിലാക്കുകയാണ്. കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാനെത്തുന്നവരും യാത്രക്കാരുമെല്ലാം ചില്ലറ പൈസകൾ ലഭിക്കാത്തതുമൂലം വിഷമിക്കുകയാണ്. കടകളിൽനിന്ന് സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് അഞ്ചു രൂപയിൽ താഴെയുള്ള ബാക്കി തുകയ്ക്ക് മിഠായിയും മറ്റുമാണ് നൽകുന്നത്. ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് ചില്ലറക്ഷാമം ഏറെ നഷ്ടമുണ്ടാക്കുന്നുണ്ട്. ചില്ലറ ഇല്ലാത്തതിന്റെ പേരിൽ യാത്രക്കാരും ബസ് ജീവനക്കാരും തമ്മിലുള്ള വാക്കുതർക്കങ്ങളും പതിവാണ്. നേരത്തെ ബാങ്കുകളിൽ നിന്നും ചില്ലറ ലഭിക്കുമായിരുന്നു. ഇപ്പോൾ ലഭിക്കുന്നില്ല.
ആർക്കും വേണ്ടാതെ പത്ത്
കടകളിൽ നിന്ന് ലഭിക്കുന്ന പത്തിന്റെ നാണായത്തുട്ട് ആർക്കും വേണ്ട. സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടാണ് പത്തിനെ കൈവിടുന്നതിനു പിന്നിലുള്ളത്. ഇതോടെ കടയിൽ പോയി സാധനങ്ങൾ വാങ്ങിയാൽ പത്തിന്റെ നാണയം കൊടുത്താൽ വാങ്ങാത്തവരുമുണ്ട്. ഒടുവിൽ പെട്രോൾ പമ്പുകളിൽ കൊടുത്ത് രക്ഷപ്പെടുകയാണ് പലരുടെയും പതിവ്. പമ്പുകളിലും ഇത് കെട്ടിക്കിടക്കുകയാണ്. മാസങ്ങൾ കൂടുമ്പോൾ ഒന്നിച്ച് ബാങ്കിലെത്തിക്കുകയാണ് ചെയ്യുന്നത്.
അഞ്ചിൽ വ്യാജൻ
ചില്ലറ കിട്ടാതായതോടെ അഞ്ചിന്റെ തുട്ടിനു പകരം വ്യാജനുമിറങ്ങി. നഗരങ്ങളിലെ രാത്രി യാത്രികരെ കബളിപ്പിക്കാൻ ചില ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് പുതിയ തന്ത്റം പയറ്റുന്നത്. ബാക്കി നൽകുന്ന ചില്ലറ തുട്ടുകൾക്കൊപ്പം നാണയത്തിന്റെ രൂപത്തിലുള്ള ചൈന മോഡൽ സെൽ ബാറ്ററികളാണ് കൈമാറുന്നതാണ്. പുതിയ മോഡൽ അഞ്ചു രൂപ നാണയ തുട്ടിന്റെ അതേ വലിപ്പമാണ് ഇത്തരം സെല്ലുകൾക്ക്. രൂപവും കനവും മാറ്റമില്ല. പലപ്പോഴും നഷ്ടപ്പെടുന്നത് ചെറിയ തുകകൾ ആയതിനാൽ പരാതിപെടാനും ആരും മെനക്കെടാറില്ല.