കൊച്ചി: ഇടപ്പള്ളിക്കാരുടെ ഭാസ്കരമോനോൻ ആശാന് ഇപ്പോഴും യുവത്വത്തിന്റെ ചുറുചുറക്കാണ്. കാരണം മറ്റൊന്നുമില്ല. മുടക്കം വരുത്താത്ത യോഗയും ആരോഗ്യ പരിപാലനവുമാണ്.കൊച്ചിയിൽ ആദ്യമായി ജിമ്മും യോഗ സെന്ററും ഒന്നിച്ച് ആരംഭിച്ച് പേരെടുത്ത ആശാൻ ഈ രംഗത്ത് അഞ്ച് പതിറ്റാണ്ട് പിന്നിടുകയാണ്. ആയിരക്കണക്കിന് ശിക്ഷ്യമാരുള്ള ഭാസ്കരൻ ആശാന്റെ സുവർണജൂബിലി ആഘോഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താനുള്ള തയ്യാറെടുപ്പിലാണ് കുടുംബാംഗങ്ങൾ.
നാലിൽ തുടക്കം
ഇടപ്പള്ളി സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഭാസ്കരൻ യോഗയിൽ ആകൃഷ്ടനാകുന്നത്. കുട്ടികൾക്ക് യോഗയുടെ ബാലപാഠങ്ങൾ പഠിപ്പിക്കാൻ യോഗാചാര്യനായ പ്രൊഫ. ചന്ദ്രഹാസൻ സ്കൂളിൽ എത്തിയതാണ് വഴിത്തിരിവായത്. പിന്നീട് എം.ഒ. മാനുവലിന് കീഴിൽ യോഗ അഭ്യസിച്ചു. യോഗ ജീവിതത്തിന്റെ ഭാഗമാക്കിയതോടെ ഭാസ്കരൻ ആശാന്റെ അമ്മ ഗൗരിക്കുട്ടിക്ക് ആധിയായി.യോഗ പഠിച്ച് തന്റെ മകൻ സന്യാസിയാകുമോ എന്നതായിരുന്നു ആധിക്ക് കാരണം. ഇത് അറിഞ്ഞ് ഭാസ്കരൻ പഠനത്തിലും കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. പരീക്ഷകളിലെല്ലാം മികച്ച വിജയം നേടിയ ആശാന് ചെറു പ്രായത്തിൽ തന്നെ ഫാക്ടിൽ ജോലികിട്ടി. എങ്കിലും യോഗ കൈവിടില്ല. പിന്നീടാണ് ഇടപ്പള്ളി പോണേക്കരയിൽ ലൈഫ് ജിം യോഗ സെന്റർ ആരംഭിച്ചത്. പെട്രോമാക്സിന്റെ വെളിച്ചത്തിലായിരുന്നു അന്നത്തെ ക്ളാസുകൾ.
സ്വന്തമാക്കി യോഗരത്ന ബഹുമതി
1986ൽ ഡൽഹിയിൽ നടന്ന വിശ്വയോഗാ സമ്മേളനത്തിൽ ഭാസ്കരൻ ആശാൻ പങ്കെടുത്തിട്ടുണ്ട്. യോഗയിലുള്ള അറിവ് തിരിച്ചറിഞ്ഞ് സർക്കാർ യോഗരത്ന ബഹുമതി നൽകി ആദരിച്ചു. ഇടപ്പള്ളി വാണിരുന്ന ഇളങ്ങല്ലൂർ സ്വരൂപത്തിലേക്ക് മലബാർ ഭരിച്ചിരുന്ന സാമൂതിരിയിൽ നിന്നും അംഗരക്ഷകരെ ആവശ്യപ്പെടുന്നത് ടിപ്പു സുൽത്താന്റെ പടയോട്ടകാലത്താണ്. അങ്ങനെ വന്നെത്തിയവരുടെ പിൻമുറക്കാരാണ് അദ്ധേഹത്തിന്റെ കുടുംബം. ഭാസ്കരമേനോൻ രാജം ഭമ്പതികൾക്ക് നാല് മക്കളാണ്. മാധവമേനോൻ, ഉദയകുമാർ, സുരേഷ് മേനോൻ, മുകുന്ദകുമാർ. ഇളയ രണ്ട്പേരാണ് ഇപ്പോൾ ലൈഫ് ജിം യോഗ നടത്തുന്നത്. കുട്ടികളെ നീന്തൽ പരിശിലിപ്പിക്കുന്നതിന് പ്രത്യേക കുളവും ആശാന്റെ വീട്ടിൽ സജ്ജീകരിച്ചിട്ടുണ്ട്.
ആത്മഹത്യയിൽ നിന്നും ജീവിത നൈരാശ്യത്തിൽ നിന്നും ഒട്ടേറെ ചെറുപ്പക്കാരെ ലളിത ജീതിതത്തിലേക്കും സന്മാർഗത്തിലേക്കും വഴിതിരിച്ചുവിടാൻ സാധിച്ചതാണ് ഏറ്റവും വലിയ സംതൃപ്തി.
ഭാസ്കരൻ ആശാൻ