കൊച്ചി: കൊച്ചി കോർപറേഷനിലെ ഫലം ഇക്കുറി ഇടതു, വലതു മുന്നണികൾക്കും ബി.ജെ.പിക്കും അഭിമാന പ്രശ്നമാണ്. 30 വർഷത്തെ തുടർച്ചയ്ക്കുശേഷം നഷ്ടപ്പെട്ട ഭരണം എൽ.ഡി.എഫിന് തിരിച്ചുപിടിക്കണം. 10 വർഷമായുള്ള ഭരണം യു.ഡി.എഫിന് നിലനിറുത്തണം. കൂടുതൽ സീറ്റുകൾ പിടിച്ച് ബി.ജെ.പിക്ക് കരുത്ത് കാട്ടണം.
ആദ്യഘട്ട സീറ്റുവിഭജന ചർച്ചകൾ യു.ഡി.എഫ് പൂർത്തിയാക്കിയെങ്കിലും മിക്കയിടത്തും തീരുമാനമായിട്ടില്ല. ഒരു സീറ്റിന് വേണ്ടി നാലും അഞ്ചും പേരാണ് ഇടിച്ചുനിൽക്കുന്നത്. ഏഴ് സീറ്റിൽ മത്സരിച്ച ലീഗ് ഇക്കുറി ഒന്നു കൂടി ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് -എം കഴിഞ്ഞതവണ നാല് സീറ്റിൽ മത്സരിച്ചപ്പോൾ ഒരാളാണ് വിജയിച്ചത്. ജോസ് എൽ.ഡി.എഫിലേക്ക് പോയതോടെ അദ്ദേഹം കോൺഗ്രസിൽ ചേർന്നു.മാണിയുടെ നാല് സീറ്റും വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. ആർ.എസ്.പി, സി.എം.പി എന്നിവരും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച 59 സീറ്റിലും സ്ഥാനാർത്ഥികളെ നിറുത്തുമെന്നാണ് കോൺഗ്രസ് നിലപാട്.യു.ഡി.എഫ് ഭരണ വീഴ്ചകളെ ശക്തമായി തുറന്നുകാട്ടി വോട്ട് പിടിക്കലാണ് എൽ.ഡി.എഫ് ലക്ഷ്യം. ജോസ് കെ. മാണി വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകണം. ഒപ്പം സി.പി.ഐക്കും. സീറ്റ് വിഭജന ചർച്ചകൾ അവസാന വട്ടത്തിലെത്തി.ഇത്തവണ വലിയ മുന്നേറ്റമുണ്ടാകുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി പ്രധാന ഘടകക്ഷിയായ ബി.ഡി.ജെ എസുമായി സീറ്റ് ചർച്ചകൾ ഒരുവട്ടം കഴിഞ്ഞു.
മേയർ സ്ഥാനത്ത് കണ്ണുംനട്ട്
ജി.സി.ഡി.എ മുൻ ചെയർമാനും മുതിർന്ന കോൺഗ്രസ് നേതാവുമായ എൻ. വേണുഗോപാൽ മേയർ സ്ഥാനാർത്ഥിയാകാനുള്ള ചരടുവലി നേരത്തേ ആരംഭിച്ചിരുന്നു. ഡെപ്യൂട്ടി മേയർ സ്ഥാനത്ത് കണ്ണുവച്ച് സൗമിനി ജെയിനും രംഗത്തുണ്ട്.
എടുത്തു പറയാൻ നേട്ടമില്ലാതെ യു.ഡി.എഫ്
കഴിഞ്ഞ അഞ്ചു വർഷവും തമ്മിലടിയും പാരവയ്പും തുടർന്ന യു.ഡി.എഫ് ഭരണസമിതിക്ക് എണ്ണിപ്പറയാൻ വികസന നേട്ടങ്ങളില്ല. സൗമിനി ജെയിനിനെ മേയർ സ്ഥാനത്തു നിന്ന് മാറ്റുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങൾ പ്രതിച്ഛായയെ ബാധിച്ചു. കൊച്ചിയിലെ വെള്ളക്കെട്ട് സാമൂഹ്യമാദ്ധ്യമങ്ങളിൽ ട്രോളായി. ഇ-ഗവേണൻസ് നടപ്പിലാകാത്തത് നികുതി വരുമാനത്തെ ബാധിച്ചു. ജനന, മരണ,വിവാഹ സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി കൊവിഡ് കാലത്ത് കോർപറേഷൻ ഓഫീസിൽ എത്തേണ്ടിവന്നത് വൻ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു.
കക്ഷിനില
ആകെ ഡിവിഷൻ 74
യു.ഡി.എഫ് 38
കോൺഗ്രസ് 35
മുസ്ലിം ലീഗ് 2
കേരള കോൺഗ്രസ് (എം) 1
എൽ.ഡി.എഫ് 34
സി.പി.എം 28
സി.പി.ഐ 2
ജനതാദൾ 1
എൻ.സി.പി 1
സി.പി.ഐ (എം.എൽ) 1
കോൺഗ്രസ് (എസ്) 1
ബി.ജെ.പി 2