കളമശേരി: മാതൃഭാഷയെ നിത്യജീവിതത്തിലെ വ്യവഹാരങ്ങൾക്കനുസരിച്ച് ശക്തിപ്പെടുത്തിക്കൊണ്ടുള്ള പുതിയൊരു നവോത്ഥാനം മലയാളത്തിന് ആവശ്യമാണെന്ന് പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. കെ. സച്ചിദാനന്ദൻ പറഞ്ഞു. ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ മലയാള ഭാഷ,പ്രാപ്തിയും പരിമിതിയും എന്ന വിഷയത്തിൽ ഓൺലൈനായി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാഹചര്യങ്ങൾ മാറമ്പോൾ നാശോന്മുഖമാകുന്ന ഭാഷയെ വിനിമയങ്ങൾ മാതൃഭാഷയിലാക്കുക വഴി അപചയം ഇല്ലാതാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രൊ.വൈസ് ചാൻസലർ ഡോ. പി. ജി. ശങ്കരൻ, അദ്ധ്യാപിക ഡോ. കെ. അജിത തുടങ്ങിയവർ സംസാരിച്ചു.
ഹിന്ദി വകുപ്പിൽ ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടി തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല സംസ്‌കാര പൈതൃക പഠന വിഭാഗം തലവനും ഡീനുമായ പ്രൊഫ. കെ. എം.ഭരതൻ ഉദ്ഘാടനം ചെയ്തു. മാതൃഭാഷ ഒരു സമൂഹത്തിന്റെ സംസ്‌കാര നിർമ്മിതിയുടെ അടിസ്ഥാനമാണെന്നും പഠന പ്രവർത്തനവും പാഠ്യ പദ്ധതികളും ഭരണ നിർവഹണവും മാതൃഭാഷയിലാകമ്പോൾ മാത്രമാണ് ജനങ്ങൾക്ക് ഭരണ പങ്കാളിത്തവും ജനാധിപത്യ ബോധവുമുണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വകുപ്പ് മേധാവി ഡോ. ആർ ശശിധരൻ, ഡോ. കെ. അജിത തുടങ്ങിയവർ സംസാരിച്ചു. മുൻ അദ്ധ്യാപിക ജെ. സുഗന്ധവല്ലിയുടെ 'കേരളം' എന്ന കവിത അജിത് കുമാർ ആലപിച്ചു.