കളമശേരി: വിലക്കിയിട്ടും രക്ഷയില്ല. പാതാളം റഗുലേറ്റം കം ബ്രിഡ്ജിനോട് ചേർന്നുള്ള സ്ഥലം മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു. മാലിന്യം നിക്ഷേപിക്കരുതെന്ന ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ബോർഡിന് കീഴിലിൽ തന്നെയാണ് മാലിന്യ തള്ളുന്നതെന്നാണ് ഏറെ കൗതുകം. ബോർഡല്ല, പകരം സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നും മാലിന്യം നിക്ഷേിപിച്ച് കടന്നുകളയുന്നവരെ പിടികൂടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ഏലൂർ ഫാക്ട് മാർക്കറ്റിൽ നിന്നുംബിനാനി പുരത്തേക്ക് പോകുന്നതിനുള്ള എളുപ്പമാർഗമാണ് പാതാളം റഗുലേറ്റർ കം ബ്രിഡ്ജ്. മൂക്കുപൊത്തി പാലമെന്നാണ് ഈ പാലത്തെ നാട്ടുകാർ വിളിക്കുന്നത്. മൂക്കുപൊത്താതെ ഇതു വഴി സഞ്ചരിക്കാനാവില്ല. പാലത്തിന് സമീപമുള്ള തുകൽ ഫാക്ടറിയിൽ നിന്നും റോഡിനിരുവശത്തുള്ള മാലിന്യം കൂനയിൽ നിന്നും വമിക്കുന്ന ദുർഗന്ധവുമാണ് പാലത്തിന് ഈ പേര് വീഴാൻ കാരണം. ആളുകൾ മാലിന്യം പ്ലാസ്റ്റിക് ചാക്കിലും, കിറ്റിലുമാക്കി എത്തി പാലത്തിൽ നിന്നും പെരിയാറിലേക്ക് തള്ളാറുണ്ടെന്നും നാട്ടുകാർ പറയുന്നു. വിഷയത്തിൽ അടിയന്തര നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.