കൊച്ചി: സ്കൂളിൽ പ്രവേശനം നേടാത്ത 6 നും 14 നുമിടയിൽ പ്രായമുള്ള കുട്ടികളെയും പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരെയും കണ്ടെത്തി പൊതുവിദ്യാലയങ്ങളിലെത്തിക്കാൻ സമഗ്രശിക്ഷ കേരളം (എസ്.എസ്.കെ) ഒരുക്കങ്ങൾ തുടങ്ങി. പ്രായത്തിനും പഠനനിലവാരത്തിനും അനുസരിച്ച് സമീപത്തെ പൊതുവിദ്യാലയങ്ങളിലാവും ഇവർക്ക് പ്രവേശനം നൽകുക. ഇവരുടെ പരിശീലനത്തിനായി പ്രത്യേക കേന്ദ്രങ്ങളും സജ്ജമാക്കും. പദ്ധതിക്കായി 189.94 ലക്ഷം രൂപയാണ് എസ്.എസ്.കെ വകയിരുത്തിരിക്കുന്നത്. അന്യസംസ്ഥാനക്കാരുടെ കുട്ടികൾക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കും പദ്ധതി കൂടുതൽ ഗുണം ചെയ്യും.
സന്നദ്ധ സംഘടനകളുടെ
സഹായം തേടും
വിവിധ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും തദ്ദേശവകുപ്പ് പ്രതിനിധികളുടെയും സഹായത്തോടെയാകും കുട്ടികളെ കണ്ടെത്തുക. സ്കൂൾ തുറക്കുന്നതോടെ കുട്ടികളെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകും. കണ്ടെത്തുന്ന കുട്ടികളുടെ എണ്ണത്തിനനസുരിച്ചായിരിക്കും ഓരോ ജില്ലയിലും പരിശീലനത്തിനുള്ള പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കുക. ഇവിടെ പരിശീലനത്തിന് സന്നദ്ധ പ്രവർത്തകരെയും നിയമിക്കും.
സ്കൂളുകൾ പരിശീലന കേന്ദ്രങ്ങളാവും
കുട്ടികൾ കുറവുള്ള ജില്ലകളിൽ സ്കൂളുകൾ കേന്ദ്രീകരിച്ചാകും പരിശീലനം. സ്കൂൾ അദ്ധ്യാപകരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. അദ്ധ്യയന സമയത്തിന് പുറമെ ദിവസവും ഒന്നര മണിക്കൂറെങ്കിലും ഇവരെ പരിശീലിപ്പിക്കണം. പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് കുട്ടികളുടെ പഠനനിലവാരം കണ്ടെത്താനുള്ള പരീക്ഷകൾ നടത്തും. ഇതനുസരിച്ചാകും തുടർപരിശീലനം.
എറണാകുളം രണ്ടാമത്
സംസ്ഥാനത്താകെ 3164 കുട്ടികൾക്ക് 136 കേന്ദ്രങ്ങളിലായി പരിശീലനം നൽകാനുള്ള ഫണ്ടാണ് അനുവദിച്ചത്. ഏറ്റവും കൂടുതൽ കുട്ടികളെ പ്രതീക്ഷിക്കുന്നത് ഇടുക്കിയിലാണ് (1020). മറ്റു ജില്ലകൾ എറണാകുളം (949), വയനാട് ( 902), മലപ്പുറം (139) എന്നീ ജില്ലകളിൽ യഥാക്രമം 25, 30, 60, 15 കേന്ദ്രങ്ങളാണ് അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട (17), കോട്ടയം (23), കോഴിക്കോട് (16), കണ്ണൂർ (36) എന്നീ ജില്ലകളിൽ ഓരോന്നും പാലക്കാട് (40) രണ്ട് പഠനകേന്ദ്രങ്ങളും ഉണ്ടാകും. കുട്ടികൾ കുറവുള്ള തിരുവനന്തപുരം (10), കൊല്ലം( 6), കാസർകോട് (6) ജില്ലകളിൽ സ്കൂളുകൾ കേന്ദ്രീകരിച്ചാകും പരിശീലനം നൽകുകയെന്ന് അധികൃതർ അറിയിച്ചു.