കോലഞ്ചേരി: തദ്ദേശ അങ്കത്തിന് തീയതി കുറിച്ചതോടെ മുന്നണികൾ പടപ്പുറപ്പാട് തുടങ്ങി. നവമാദ്ധ്യമങ്ങളിൽ പോരും ! സോഷ്യൽ മീഡിയയിൽ എങ്ങും സ്ഥാനാർത്ഥികളുടെ ചിരിച്ച മുഖാണ്. ഒരുവശത്ത് പാർട്ടിക്കാരുടെയും അനുഭാവികളുടെയും മുട്ടൻ കമ്മന്റ് യുദ്ധവും. കൈവിട്ടുപോയ സീറ്റ് തിരിച്ച് പിടിക്കാനും നിലനിർത്താനുമുള്ള മുന്നണികളുടെ പോരാട്ടമാണിതെല്ലാം. കൊവിഡ് വ്യാപന പഞ്ചാത്തലത്തിൽ സോഷ്യൽ മീഡിയിലുടെയുള്ള മുന്നണികളുടെ വോട്ട് പിടിത്തം ഇങ്ങനെയാണ്.
സ്മൈൽ പ്ലീസ്
വാട്സ്ആപ്പ് സ്റ്റാസ്റ്റസ്. ഫേസ്ബുക്ക് സ്റ്റോറി. ഇൻസ്റ്റാഗ്രാം തുടങ്ങി സോഷ്യൽ മീഡിയയുടെ സമസ്ത മേഖലയിലും ചിരിച്ച മുഖവുമായി സ്ഥാനാർത്ഥികളുടെ ചിത്രമാണ്. പ്രവർത്തകരും അനുഭാവികളുമാണ് ഇതിന് പിന്നിൽ. വികസന നേട്ടങ്ങൾ. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ, എതിർ മുന്നണിക്ക് എതിരായ ആരോപണങ്ങൾ എല്ലാം പോസ്റ്റർ രൂപത്തിലാണ് നവമാദ്ധ്യമങ്ങളിൽ പറക്കുന്നത്.
കവല പ്രസംഗം@ ലൈവ്
ഉച്ചത്തിൽ പ്ലേ ചെയ്യുന്ന ഗാനങ്ങൾ. പിന്നാലെ നേതാവിന്റെ തട്ടുപൊളിപ്പൻ പ്രസംഗം. സ്ഥാനാർത്ഥിയുടെ വാഗ്ദാനങ്ങൾ. കൈയടികൾ മുദ്രാവാക്യം വിളികൾ. തിരഞ്ഞെടുപ്പിന് തിരികൊളുത്തിയാൽ പിന്നെ വഴിയോരങ്ങളെല്ലാം ഇതുപോലെയാകുമായിരുന്നു. എന്നാൽ കൊവിഡെല്ലാം തട്ടിമാറ്റി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമ്മേളങ്ങൾ നടത്താമെങ്കിലും ആളുകളില്ലാത്ത അവസ്ഥ. ഇത് പരിഹരിക്കാൻ ഫേസ്ബുക്ക്, സൂം, ഗൂഗിൾ മീറ്റ് എല്ലാം റെഡ്യാക്കീട്ടുണ്ട്.
എല്ലാം ഫോണിലെത്തും
വീടുകൾ കയറി വോട്ട് ചോദിക്കലും നോട്ടീസ് നല്കലും നടക്കുമെങ്കിലും ഇവയെല്ലാം ഫോണിൽ എത്തിക്കാനുള്ള പരിപാടിയിലാണ് രാഷ്ട്രീയ പാർട്ടികൾ. ഇതിനായി പ്രത്യേക ടീമിനെ തന്നെ പലരും നിയമിച്ചു കഴിഞ്ഞു. പുതിയ ചിത്രങ്ങളും കാർഡുകളും എഡിറ്റ് ചെയ്തിറക്കുക, എതിരാളികളെ ട്രോളുക, കമന്റുകൾക്കുള്ള പ്രതികരണം, പോസ്റ്റിനുള്ള ലൈക്ക് തുടങ്ങിയവയെല്ലാം ഇവർ ചെയ്യും. സ്ഥാനാർഥികളുടെ പ്രീ റെക്കോർഡഡ് വോയ്‌സ് കോൾ, റിങ്ങ്ടോണിൽ വോട്ടഭ്യർത്ഥനയുമുണ്ട്.
തിരഞ്ഞെടുപ്പിന്റെ പഴയ രീതികളൊന്നും ഉപേക്ഷിക്കാതെ മൈക്ക് അനൗൺസ്‌മെന്റുകൾ, പോസ്റ്ററുകൾ, ബാനറുകൾ എന്നിവയെല്ലാം നൊസ്റ്റാൾജിയ പടർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനുള്ള പ്ലാനുണ്ട്.
അഖിൽ
ഇവന്റ് കോർഡിനേറ്റർ
കോലഞ്ചേരി