കൊച്ചി: ജോലിയിലിരിക്കെ മരണപ്പെടുന്ന പ്രേരക്മാരുടെ കുടുംബത്തിന് സാമ്പത്തികസഹായം നൽകുമെന്ന സംസ്ഥാന സാക്ഷരതാമിഷന്റെ അവകാശവാദം പൊള്ളയെന്ന് തെളിയുന്നു.
സേവനകാലഘട്ടത്തിൽ മരണപ്പെടുന്നവരുടെ കുടുംബത്തിന് 75,000 രൂപയും രോഗങ്ങൾമൂലം കഷ്ടപ്പെടുന്നവർക്ക് ചികിത്സാസഹായമായി 50,000 രൂപയും നൽകുമെന്നായിരുന്നു സാക്ഷരതാമിഷന്റെ അവകാശവാദം. പത്തനംതിട്ട ആറന്മുളയിൽ സർവീസിൽ ഇരിക്കെ മരിച്ച പ്രേരകിന്റെ നിർദ്ദനകുടുംബത്തിന്റെ ദുരവസ്ഥ കണ്ടറിഞ്ഞ സഹപ്രവർത്തകർ സ്വന്തം കൈയിൽ നിന്ന് പണം സമാഹരിച്ച് നൽകിയിരുന്നു. ഇതേക്കുറിച്ച കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് പ്രേരക്മാർക്ക് മരണാനന്തരസഹായം നൽകാറുണ്ടെന്നും വാർത്ത അടിസ്ഥാനരഹിതമാണെന്നും വാദിച്ച് സാക്ഷരതാമിഷൻ വാർത്താകുറിപ്പ് ഇറക്കിയത്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ സാക്ഷരതാമിഷന്റെ അവകാശവാദം പൊള്ളയാണെന്ന് തെളിയുന്നത്. ഈ വർഷം മരണപ്പെട്ട രണ്ട് പ്രേരക്മാരുടെ കുടുംബത്തിന് യാതൊരു സഹായവും നൽകിയിട്ടില്ലെന്ന് മാത്രമല്ല ഇത്തരമൊരു ധനസഹായത്തെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും വിവിധ ജില്ലകളിൽ നിന്നുള്ള പ്രേരക്മാർ പറഞ്ഞു. പ്രേരക്മാരായിരുന്ന തൃശൂർ ജില്ലയിലെ ബിന്ദു കഴിഞ്ഞ ജൂൺ നാലിനും കൊല്ലം ജില്ലയിൽ എ.ആമിനബീവി സെപ്തംബർ 13 നുമാണ് മരിച്ചത്. ഈ രണ്ടുകുടുംബങ്ങൾക്കും യാതൊരു ധനസഹായവും നൽകിയിട്ടില്ല.സഹായത്തെക്കുറിച്ച് ഇവരുടെ കുടുംബങ്ങളെ അറിയിച്ചിട്ടുമില്ലെന്നാണ് പ്രേരക്മാർ ആരോപിക്കുന്നത്.
പത്തനംതിട്ടയിൽ ഒക്ടോബർ 22ന് മരിച്ച ശിവരാജന്റെ ബന്ധുക്കൾ അപേക്ഷിക്കാത്തതുകൊണ്ടാണ് സഹായം നൽകാത്തതെന്നും അപേക്ഷലഭിച്ചാൽ ഉടൻ സഹായം നൽകുമെന്നുമായിരുന്നു അധികൃതരുടെ അവകാശവാദം. ചെയ്യുന്ന ജോലിക്ക് കൃത്യമായി വേതനം പോലും ലഭിക്കാത്തവരാണ് പ്രേരക്മാർ. എന്നെങ്കിലുമൊക്കെ ഗഡുക്കളായി കിട്ടുന്ന തുഛമായ ഓണറേറിയത്തിന് പുറമേ ചികിത്സ, മരണാനന്തര സഹായം തുടങ്ങിയ എന്തെങ്കിലും ആനുകൂല്യങ്ങൾ ഉള്ളതായി നാളിതുവരെ രേഖാമൂലം യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ അപേക്ഷിക്കാതിരുന്നതുമെന്നാണ് പ്രേരക്മാർ വിശദീകരിക്കുന്നത്.
ചികിത്സാസഹായത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. തൃശൂർ അന്തിക്കാട് ബ്ലോക്കിലെ കനകലത എന്ന പ്രേരക് സ്വന്തം മകനുവേണ്ടി വൃക്കദാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ പ്രാഥമീക ചികിത്സകൾ എറണാകുളം അമൃത ആശുപത്രിയിൽ നടന്നുവരികയുമാണ്. ഭാരിച്ച സാമ്പത്തിക ബാധ്യതയുള്ള ചികിത്സയായിട്ടും ഇവർക്കും യാതൊരു സഹായവും ഇതുവരെ നൽകിയിട്ടില്ല.
എന്നാൽ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല പ്രതികരിക്കാൻ തയ്യാറായില്ല.