കൊച്ചി: ആദിവാസി ദളിത് സമൂഹങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചതിന്റെ പേരിൽ യു.എ.പി.എ ചുമത്തി ജയിലിലടയ്ക്കപ്പെട്ട വൈദികനായ സ്റ്റാൻ സ്വാമിയുടെ ( 83) മോചനത്തിനായി ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ മുന്നിട്ടിറങ്ങുന്നു. ഇതിനായി രാജ്യവ്യാപകമായി ഒപ്പുശേഖരണം നടത്താനും പൊതു പ്രതിഷേധ പരിപാടികൾ, പോസ്റ്റർ കാമ്പയിൻ എന്നിവ ആരംഭിക്കാനും ഓൺലൈനായി ചേർന്ന യോഗം തീരുമാനിച്ചു.ഝാർഖണ്ഡിൽ സ്റ്റാൻ സ്വാമിക്കൊപ്പം പ്രവർത്തിച്ചിരുന്നവരുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി മനുഷ്യാവകാശ സംഘടന പ്രവർത്തകർ പങ്കെടുത്തു. ഫ്രാങ്കോയെ സംരക്ഷിക്കുന്നതിനായി അരയും തലയും മുറുക്കി രംഗത്തുവന്ന കത്തോലിക്ക സഭ സ്റ്റാൻ സ്വാമിയുടെ വിഷയത്തിൽ മ‌ൗനം പാലിക്കുന്നതിൽ യോഗം പ്രതിഷേധിച്ചു. ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ പ്രസിഡന്റ് ഫെലിക്‌സ് ജെ പുല്ലൂടൻ ,റവ. ഡോ. സോളമൻ കെ, ഫാ. ഡോമിനിക് പത്യാല, ഫാ. ടോണി പി എം, ആദം അയൂബ്, നളിനി നായ്ക്ക്, പ്രൊഫ. ഫിലിപ്പ്.എം തോമസ്, അംബിക, സി. അജിത ജോർജ്, ഷൈജു ആന്റണി, പ്രേം ബാബു, ബാബു ഈരത്തറ തുടങ്ങിയവർ സംസാരിച്ചു.