ആലുവ: ആലുവ-മൂന്നാർ റോഡിൽ അശോകപുരം കൊച്ചിൻ ബാങ്ക് - കോളനിപ്പടി ഭാഗത്തെ കടുത്ത ഗതാഗത കുരുക്ക് കുറക്കാൻ കൊച്ചിൻ ബാങ്ക് - കോളനിപ്പടി കനാൽ റോഡ് നവീകരിക്കണമെന്ന കാലങ്ങളായുള്ള ആവശ്യം യാഥാർത്ഥ്യമായി. കൊച്ചിൻ ബാങ്ക് ഭാഗത്ത് നിന്നും കോളനിപ്പടിയിലേക്ക് ചെറിയ വാഹനങ്ങൾക്ക് മാത്രമല്ല, കാൽനട യാത്ര പോലും ദുസഹമാണ്. അത്രയേറെ വാഹനത്തിരക്കാണ് ഈ ഭാഗത്ത്. കാൽനട യാത്രക്കാർക്ക് ഫുട്പാത്ത് പോലുമില്ല. ഇതേതുടർന്നാണ് റോഡിനോട് ചേർന്നുള്ള കനാൽ റോഡ് ടാറിംഗ് നടത്തണമെന്ന ആവശ്യമുയർന്നത്. കനാൽ പുറമ്പോക്കിൽ നിരവധി വീടുകളുമുണ്ട്. ഇവർക്കും ചെമ്മണ്ണ് റോഡ് ടാറിംഗ് നടത്തുന്നത് അനുഗ്രഹമായിരുന്നു. പലവട്ടം നാട്ടുകാർ പഞ്ചായത്തിന് മുമ്പിൽ വിഷയം അവതരിപ്പിച്ചെങ്കിലും ഫണ്ടിന്റെ ലഭ്യതകുറവിന്റെ പേരിൽ നീണ്ടുപോകുകയായിരുന്നു.'കൊച്ചിൻ ബാങ്ക് - കോളനിപ്പടി കനാൽ റോഡ് ടാറിംഗ് നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു.
കോൺക്രീറ്റ് കട്ട വിരിക്കൽ തുടങ്ങ
ഇതേതുടർന്ന് പെരിയാർവാലി കനാൽ റോഡിൽ കോൺക്രീറ്റ് കട്ട വിരിക്കൽ ജോലികൾ ആരംഭിച്ചു.
കീഴ്മാട് ഗ്രാമപഞ്ചായത്താണ് ഇതിനാവശ്യമായ പണം അനുവദിച്ചത്. ബി.ജെ.പി പ്രത്യക്ഷ സമരം പ്രഖ്യാപിച്ചതിനെ തുടർന്നാണ് വിഷയം പഞ്ചായത്ത് ഗൗരവമായെടുത്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പേ നിർമ്മാണം പൂർത്തീകരിക്കാൻ ഉദ്ദേശിച്ചെങ്കിലും നടന്നില്ല.