മൂവാറ്റുപുഴ: ആയവന പഞ്ചായത്തിലെ തോട്ടഞ്ചേരി തൂക്കുപാലം പുനർനിർമ്മിക്കണം എന്ന ആവശ്യം നിറവേറുന്നു.2018-ലെ മഹാപ്രളയത്തിൽ തകർന്ന ആയവന പഞ്ചായത്തിലെ തോട്ടഞ്ചേരി തൂക്കുപാലം പുനർനിർമ്മിക്കണം എന്ന ആവശ്യത്തിന് 2 വർഷത്തെ പഴക്കമുണ്ട്.15 വർഷങ്ങൾക്ക് മുൻപ് പണിത തൂക്കുപാലം കാലഹരണപ്പെട്ടിരുന്നു. രണ്ട് കരകളെ ബന്ധിപ്പിക്കുന്ന പാലം ആയവന പഞ്ചായത്തിലെ13,14 വാർഡുകളിലെ തോട്ടഞ്ചേരി ,കാരിമറ്റം ഭാഗത്തെ ആയിരക്കണക്കായ ആളുകൾക്ക് തൂക്കുപാലം വഴി പുഴക്ക് കുറുകെ നടന്ന് കടുംപിടിയിൽ എത്താം. വാർഡ് 1, 2 ഉൾപ്പെടുന്ന പുന്നമറ്റം ,അഞ്ചൽപ്പെട്ടി പ്രദേശവും തോട്ടഞ്ചേരി ,കാരിമറ്റം ഭാഗവും തമ്മിൽ ബന്ധിപ്പിക്കുന്നു എന്നതാണ് പ്രധാന നേട്ടം. തൂക്കുപാലം വന്നാൽ10 കി.മി. യാത്ര ഒഴിവാക്കാനാകും.റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് 170 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്.പൊതു മേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനിയാണ് എസ്റ്റിമേറ്റും, പാലത്തിന്റെ ഡിസൈനും തയ്യാറാക്കിയിട്ടുള്ളത്.
മൂവാറ്റുപുഴ- കീച്ചേരിപ്പടി-ആട്ടായം - കുറ്റിക്കാട്ട് ചാൽപ്പടി റോഡ് ബി.എം.ബി.സി. നിലവാരത്തിൽ നവീകരിക്കുന്നതിനായി 3.50 കോടി രൂപ റീ ബിൽഡ് കേരളയിൽ നിന്ന് അനുവദിച്ചു. 8 മീറ്റർ വീതി ഉള്ള ഈ റോഡിന്റെ 2 കി.മി. പൊതുമരാമത്ത് വകുപ്പിന്റെയും 3 കി.മി. പഞ്ചായത്തിന്റെയും ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടതാണ്. മൂവാറ്റുപുഴ നിന്ന് മുളവൂർ പി.ഒ വഴി കോതമംഗലം യാത്ര എളുപ്പമാണ്.കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഉണ്ടായിരുന്നുവെങ്കിലും റോഡ് മോശമായതിനെ തുടർന്ന് നിർത്തിവച്ചു.മുഖ്യമന്ത്രിക്കും, ധനകാര്യ വകുപ്പ് മന്ത്രിക്കും എൽദോ എബ്രഹാം എം.എൽ.എ നൽകിയ നിവേദനത്തെ തുടർന്നാണ് റാേഡ് നവീകരണത്തിന് അനുമതിയായത്. ഓടകളും, ഐറിഷ് വർക്കും പ്രവൃത്തിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുളവൂരിൽ അമ്പലം പടി വീട്ടൂർ റോഡിൽ 2.50 കോടി രൂപ അനുവദിച്ച് നിർമ്മാണം പുരോഗമിക്കുകയാണ്. ഇതോടെ മുളവൂരിലെ എല്ലാ റോഡും ബി.എം.ബി.സി നിലവാരത്തിലാകും.