ഫോർട്ടുകൊച്ചി: ഈ മാസം മുതൽ സംസ്ഥാനത്തെ ബീച്ചുകളും പാർക്കുകളും തുറന്നെങ്കിലും ഫോർട്ടുകൊച്ചിയിലെ സ്വപ്ന തീരത്തിനു മാത്രം വിലക്ക്. അവധി ദിനങ്ങളിൽ കുടുംബമായി എത്തുന്നവരെ പൊലീസ് കടത്തിവിടുന്നില്ലെന്നാണ് ആക്ഷേപം.ബീച്ചിന് സമീപം പ്രവർത്തിക്കുന്ന കുട്ടികളുടെ പാർക്കിനും വിലക്ക് എർപ്പെടുത്തിയിരിക്കുകയാണ്. ഇതു മൂലം ചീനവല, തട്ട് വില്പന മത്സ്യ കച്ചവടക്കാരും ദുരിതത്തിലാണ്.
ചെറുകിട കച്ചവടക്കാരായ ഐസ്ക്രീം, കപ്പലണ്ടി, മാല, കുലുക്കി സർബത്ത്, പഴകച്ചവടക്കാർ തുടങ്ങി നിരവധി പേർ ദുരിതമനുഭവിക്കുകയാണ്. നിരോധനാജ്ഞ ഈ മാസം 15 വരെ നീട്ടിയ സാഹചര്യത്തിലാണ് ബീച്ചുകളുടെയും പാർക്കുകളുടെയും തുറക്കൽ അനന്തമായി നീളുന്നത്. എറണാകുളം സുഭാഷ് പാർക്ക്, കുട്ടികളുടെ പാർക്ക് എന്നിവക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ എട്ട് മാസമായി ഈ പാർക്കുകളിലും പരിസരങ്ങളിലും ഉപജീവന മാർഗം നടത്തുവരുടെ കാര്യം വളരെ ദയനീയമാണ്. പലരും മറ്റു പല മേഖലകളിലേക്കും തിരിഞ്ഞു കഴിഞ്ഞു.
ഫോർട്ടുകൊച്ചി പരിസരത്ത് തുണി വില്പന നടത്തുന്ന കാശ്മീരികളും, കരിക്ക് വിൽപ്പനക്കാർ, ചെറുകിട ഹോട്ടലുകാർ, ഉയർന്ന ഹോംസ്റ്റേകൾ വരെ കഷ്ടത്തിലാണ്.ജൂതപ്പള്ളി, മട്ടാഞ്ചേരി കൊട്ടാരം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്നെങ്കിലും നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ആരും വരാത്ത സ്ഥിതിയാണ്. കഴിഞ്ഞ വർഷം ഈ സമയം വിദേശികളുടെ തിരക്കായിരുന്നു. മാസങ്ങളായി അടഞ്ഞുകിടക്കുന്ന കഥകളി സെന്ററിലെ ജീവനക്കാരുടെ ജീവിതവും കരിനിഴൽ പടർത്തിയിരിക്കുകയാണ്.