ആലുവ: ആലുവ നഗരസഭ കൗൺസിലിൽ പ്രവർത്തന മികവ് കാണിച്ചവരെ കോൺഗ്രസ് ഗ്രൂപ്പ് വിരോധത്തിന്റെ പേരിൽ വെട്ടിനിരത്താൻ നീക്കം ശക്തമായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉൾപ്പെടെയുള്ളവർക്ക് നേരെയാണ് ഗ്രൂപ്പ് മാനേജർമാർ വാളോങ്ങുന്നത്.
അതേസമയം, ശരാശരി വികസനം പോലും വാർഡുകളിൽ നടപ്പാക്കാൻ പ്രാപ്തിയില്ലാത്തവരെ കെ.പി.സി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി വീണ്ടും സ്ഥാനാർത്ഥിയാക്കാൻ നീക്കമുണ്ട്. നഗരസഭയിലെ 26 വാർഡുകളിൽ 20 വാർഡിലും ഒന്നിലേറെ പേരാണ് പരിഗണനയിലുള്ളത്. നഗരസഭ ചെയർപേഴ്‌സനെ 24 ാം വാർഡിൽ ഏകകണ്ഠമായി സ്ഥാനാർത്ഥിയായി ശുപാർശ ചെയ്തതെന്ന പ്രചരണം ശരിയല്ലെന്ന വാദവുമായി ഐ ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്. മുൻ കൗൺസിലറുടെ പേര് രേഖാമൂലം നേതൃത്വത്തിന് എഴുതി നൽകിയിട്ടുണ്ടെന്നും വാർഡ് കമ്മിറ്റിയിലും ഇതേ ആവശ്യം ഉന്നയിച്ചുമെന്നാണ് പറയുന്നത്.
കോൺഗ്രസിന്റെ ചെയർമാൻ സ്ഥാനാർത്ഥി കെ.പി.സി.സി നിർവാഹക സമിതിയംഗം എം.ഒ. ജോൺ ആണെന്ന് പ്രചരണമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പേര് ഒരിടത്തും വാർഡ് കമ്മിറ്റികൾ നിർദ്ദേശിച്ചിട്ടില്ല. അതേസമയം, നഗരസഭ പരിധിയിലെ രണ്ട് മണ്ഡലം കമ്മിറ്റികളും ജോൺ മത്സരിക്കണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെട്ടിട്ടുണ്ട്. 18 -ാം വാർഡിൽ സീറ്റിനായി രംഗത്തുള്ള എ ഗ്രൂപ്പിലെ മുൻ കൗൺസിലർ എൻ.ആർ. സൈമൺ ജോൺ മത്സരിക്കുകയാണെങ്കിൽ മാറി നിൽക്കുമെന്നാണ് പറയുന്നത്. എന്നാൽ കെ.പി.സി.സി നിർദ്ദേശമനുസരിച്ച് സ്ഥാനാർത്ഥികളുടെ പേര് വാർഡ് കമ്മിറ്റികൾ ശുപാർശ ചെയ്യണമെന്നാണ് ചട്ടമെന്ന് ഐ ഗ്രൂപ്പ് പറയുന്നു.
ഇരു ഗ്രൂപ്പ് നേതാക്കളും പാർട്ടി ഗ്രൂപ്പ് താത്പര്യങ്ങൾ മറികടന്ന് സ്വന്തം താത്പര്യം മാത്രമാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് ഇരുഭാഗത്തും ആക്ഷേപമുണ്ട്. തനിക്ക് വിധേയമായി നിൽക്കുന്നവരെ സ്ഥാനാർത്ഥിയാക്കുകയെന്നതാണ് തന്ത്രം. ഈ നീക്കത്തിന് ഗ്രൂപ്പ് കവചം ഉപയോഗപ്പെടുത്തുകയാണെന്ന് മാത്രം. സീറ്റ് നിഷേധിച്ചതിന്റെ പേരിൽ രണ്ട് സിറ്റിംഗ് കൗൺസിർമാരും രണ്ട് മുൻ കൗൺസിലർമാരും കഴിഞ്ഞ ദിവസം ഗ്രൂപ്പ് മാറിയിട്ടുണ്ട്. ഇവരിൽ ചിലർക്ക് ഐ ഗ്രൂപ്പിന്റെ ക്വാട്ടയിൽ സീറ്റ് ഉറപ്പിക്കാൻ നീക്കമുണ്ട്.
ഇടതിന്റെയും വലതിന്റെയും ചെയർമാൻ സ്ഥാനാർത്ഥികൾ സുരക്ഷിത സീറ്റ് തേടി മറ്റ് വാർഡുകളിൽ അഭയം തേടുന്നത് വോട്ടർമാരിൽ കൗതുകം സൃഷ്ടിക്കുന്നുണ്ട്. തോട്ടക്കാട്ടുകരയിൽ ബി.ജെ.പി ശക്തമായ സാന്നിദ്ധ്യത്തിലാണ് ഇരുവരും സ്വന്തം വാർഡുകളിൽ മത്സരിക്കാത്തതെന്നാണ് പറയപ്പെടുന്നത്.