തൃക്കാക്കര : ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്ന മൾട്ടി പോസ്റ്റ് ഇ. വി. എം മെഷീനുകൾ ഉപയോഗിച്ചുള്ള മോക്ക് പോളിംഗ് പൂർത്തിയായി. എറണാകുളം ഉഷാ ടൂറിസ്റ്റ് ഹോമിൽ നടന്ന മോക്ക് പോളിംഗിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ പരിശോധിച്ച വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിച്ചത്.
ജില്ലയിലെ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ അവസാനഘട്ടത്തിലാണ്. നാമനിർദേശ പത്രികകളുടെയും പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകളുടെയും അച്ചടി പൂർത്തിയായി. പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനം 10ന് ബ്ലോക്ക്, മുനിസിപ്പൽ തലത്തിലെ പോളിംഗ് ഉദ്യോഗസ്ഥർക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പരിശീലനം നൽകും. ജില്ലയിലെ 82 പഞ്ചായത്തുകളിലേക്കും 14 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 13 മുനിസിപ്പാലിറ്റികളിലേക്കും കൊച്ചി കോർപ്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഡിസംബർ പത്തിനാണ്.