കൊച്ചി: ആറ് പതിറ്റാണ്ടിലേറെ മലയാള നാടകരംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന ചോറ്റാനിക്കര രുഗ്മിണിദേവിയെ (75) ചോറ്റാനിക്കര കടുകമംഗലത്തെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ 8 മണിയോടെ വീട്ടുടമ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തി മേൽനടപടി സ്വീകരിച്ചശേഷം മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ചോറ്റാനിക്കര കാരക്കാട്ടുവീട്ടിൽ പരേതനായ രാജൻ പരമാരയാണ് ഭർത്താവ്. മക്കൾ: രാധാകൃഷ്ണൻ, ശ്രീദേവി, ശ്രീലത. മരുമക്കൾ: ആനന്ദവല്ലി, സുരേഷ്, ബാബുരാജ്.
ആറ്റിങ്ങൽ ദേശാഭിമാനി തിയേറ്റേഴ്സിലൂടെയാണ് രുഗ്മിണിദേവി പ്രൊഫഷണൽ നാടകരംഗത്തെത്തുന്നത്. തുടർന്ന് കലാശാല, നാടകശാല, സൂര്യസോമ, വൈക്കം മാളവിക, നാഷണൽ തിയേറ്റേഴ്സ്, കൊച്ചിൻ നാടകവേദി, ആലപ്പി തിയേറ്റേഴ്സ് തുടങ്ങിവയുടെ നാടകങ്ങളിലും വേഷമിട്ടു. സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി ബഹുമതികൾ കരസ്ഥമാക്കിയിട്ടുണ്ട്.
ഭർത്താവിന്റെ മരണശേഷം മക്കളുമായി അകന്ന് കടുകമംഗലത്തെ വാടകവീട്ടിലായിരുന്നു. പൊതുസമൂഹത്തിൽനിന്ന് അകന്നുകഴിയുകയായിരുന്ന രുഗ്മിണിദേവി കഴിഞ്ഞ സെപ്തംബർ 25ന് കണയന്നൂർ താലൂക്ക് ഓഫീസിനുമുമ്പിൽ പ്ലക്കാർഡുമേന്തി സത്യാഗ്രഹമിരുന്നാണ് വീണ്ടും വാർത്തകളിൽ വന്നത്. സ്വന്തമായൊരുവീടും നിത്യച്ചെലവിന് സഹായവും അഭ്യർത്ഥിച്ചായിരുന്നു സമരം. ഇതേക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതോടെ കോട്ടയം പത്മൻ എന്ന കലാകാരൻ വിവരങ്ങൾ എറണാകുളം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. അടുത്തദിവസം കടുകമംഗലത്തെ വീട്ടിൽ നേരിട്ടെത്തിയ കളക്ടർ എസ്. സുഹാസ് രുഗ്മിണിദേവിക്ക് 20,000രൂപയുടെ താത്കാലിക ധനസഹായം നൽകി. കുറച്ചുദിവസങ്ങൾക്ക് ശേഷം കട്ടിലും കസേരയും കിടക്കയും ഉൾപ്പെടെ ഗൃഹോപകരണങ്ങളും എത്തിച്ചുനൽകി.
മക്കൾ അന്വേഷിക്കുന്നില്ലെങ്കിൽ നടപടിയെടുക്കാമെന്ന് കളക്ടർ പറഞ്ഞെങ്കിലും അത് വേണ്ടെന്നും മക്കളുമായി ഒത്തുപോകാനാവില്ലെന്നും തനിക്ക് സ്വന്തമായി കിടപ്പാടം വേണമെന്നുമായിരുന്നു രുഗ്മിണിദേവിയുടെ ആവശ്യം. തുടർ നടപടികളുമായി കളക്ടർ മുന്നോട്ടുപോകുന്നതിനിടെയാണ് രുഗ്മിണിദേവി ഓർമ്മയായത്. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ചോറ്റാനിക്കരയിലെ ഇളയമകളുടെ വസതിയിൽ സംസ്കരിക്കും.