പറവൂർ: യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ ലിസ്റ്റ് രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. വാർഡ് കമ്മിറ്റികൾ നിർദേശിച്ച പേരുകൾ കൂടാതെ മറ്റു ചിലർ അവകാശം ഉന്നയിച്ചത് രംഗത്തു വന്നതാണ് ലിസ്റ്റ് നീളുന്നത്. ചില വാർഡുകളിൽ മൂന്നും നാലും പേർ മത്സരിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്. എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് ബദലായി ശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കാനുളള നീക്കവുമുണ്ട്.
നിലവിലെ കൗൺസിലിലെ 15 യു.ഡി.എഫ് കൗൺസിലർമാരിൽ 11പേരും വീണ്ടും മത്സര രംഗത്തുണ്ട്. എൽ.ഡി.എഫിൽ നിലവിലെ നാല് പേരാണ് മത്സരിക്കുന്നത്. അദ്ധ്യക്ഷസ്ഥാനം വനിതാ സംവരണമാണ്. കെ.ജെ. ഷൈനെയാണ് ചെയർപേഴ്സൺ സ്ഥാനത്ത് പരിഗണിക്കുന്നത്. യു.ഡി.എഫ് മുൻകൂട്ടി ചെയർപേഴ്സനെ പ്രഖ്യാപിക്കാൻ തയ്യാറായിട്ടില്ല.
ഇത്തവണ ബി.ജെ.പി 29 വാർഡുകളിലും മത്സരിക്കുന്നുണ്ട്. ഓരോ വാർഡിൽ നിന്നും രണ്ടു പേരെ വീതമാണ് മണ്ഡലം കമ്മിറ്റിയുടെ പരിഗണനക്ക് അയച്ചിട്ടുള്ളത്. അഡ്വ. പി. വിശ്വനാഥ മേനോൻ മത്സരിക്കുന്നത് തീരുമാനിച്ചിട്ടില്ല. നിലവിലെ ബി.ജെ.പി കൗൺസിലർ സ്വപ്ന സുരേഷ് 14വാർഡിലും ഗീതാ പരമേശ്വരൻ 16വാർഡിലും രാജഗോപാലൻ 22-ാം വാർഡിലും മത്സരിക്കുമെന്ന് ഉറപ്പായി.
എ.ഡി.എഫ് സ്ഥാനാർത്ഥികളായി
തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ പറവൂർ നഗരസഭയിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനർത്ഥികളായി. പ്രഖ്യാപനം അടുത്ത ദിവസമുണ്ടാകും. കഴിഞ്ഞ ദിവസം കൂടിയ എൽ.ഡി.എഫ് യോഗമാണ് ഓരോ വാർഡിലും മത്സരിക്കുന്നവരുടെ പേരുവിവരം പുറത്തുവിട്ടത്. നേരെത്തെ തന്നെ ചില വാർഡുകളിൽ സീറ്റ് ഉറപ്പുള്ളവർ പ്രവർത്തനം ആരംഭിച്ചിരുന്നു.