പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭ വൈസ് ചെയർപെഴ്‌സൺ നിഷ വിനയൻ സി.പി.ഐയിൽ നിന്നും രാജി വച്ചു. പാർട്ടി നേതൃത്വത്തിന്റെ ചില നടപടികളിൽ തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടാണ് രാജിക്ക് കാരണമെന്ന് ഇവർ പറഞ്ഞു. പെരുമ്പാവൂർ നഗരസഭയിലേക്ക് സി.പി.ഐ ടിക്കറ്റിൽ മത്സരിച്ച നിഷ വിനയൻ അഞ്ച് വർഷം മികച്ച ഭരണം കാഴ്ച്ച വച്ചിരുന്നു. ഉയർന്ന വിദ്യാഭ്യാസവും ലോകപരിചയവും ഇവർക്ക് ജനോപകാരപ്രദമായി ഭരണം നടത്താൻ സഹായകമായിരുന്നു. ഇക്കുറി മത്സരരംഗത്ത് ഉണ്ടാകില്ലെന്ന തീരുമാനത്തിലായിരുന്ന നിഷയെ മണ്ഡലത്തിലെ മുതിർന്ന പാർട്ടി നേതാക്കൾ തന്നെ വിളിച്ച് വീണ്ടും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവസാനനിമിഷം വനിതകൾക്ക് ആവശ്യത്തിലധികം സംവരണം ലഭിച്ചുവെന്ന കാരണത്താൽ സ്ഥാനാർത്ഥിത്വം നൽകാതിരുന്നതാണ് ഇവരെ ചൊടിപ്പിച്ചത്.തുടർന്ന് മണ്ഡലം സെക്രട്ടറിയും പ്രസിഡന്റിനും ഇവർ പാർട്ടിയും നിന്നും രാജി വച്ചതായി അറിയിച്ച കത്ത് നൽകുകയായിരുന്നു. ഇതര പാർട്ടികളുമായി ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും താൻ ഇനിയും മത്സരരംഗത്തുണ്ടാകുമെന്ന സൂചനകളും നിഷ വിനയൻ നൽകി.
രാജി വയ്പ്പിച്ചതെന്ന് നേതാക്കൾ
ഭരണകാലയളവിൽ പാർട്ടിയുടെ വിപ്പ് ലംഘിച്ചു വെന്നാരോപണം ഉയർന്നതിന്റെ പേരിൽ പാർട്ടി ആവശ്യപ്പെട്ടിട്ടാണ് നിഷ വിനയൻ രാജി വച്ചതെന്ന് നേതാക്കൾ അറിയിച്ചു. എന്നാൽ രണ്ടര വർഷം മുമ്പ് നടന്ന വിപ്പ് ലംഘനത്തിന് ശേഷം ഇത്രയും നാൾ നേതാക്കൾ മിണ്ടാതിരുന്നിട്ട് ഇപ്പോൾ നടപടിയെടുക്കുമെന്ന് പറയുന്നത് എന്ത് കൊണ്ടാണെന്നറിയില്ലെന്നും നിഷ പ്രതികരിച്ചു.