കിഴക്കമ്പലം: കുമ്മനോട് എമ്പാശ്ശേരി കവലയ്ക്ക് സമീപം മാന്ത്രയ്ക്കൽ പാടശേഖരത്തിനടുത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ സ്ഥലമുടമക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി.
മാലിന്യം സമീപത്തെ പാടശേഖരങ്ങളിലേയ്ക്കും, തോട്ടിലേയ്ക്കും ഒഴുകിയെത്തിതോടെയാണ് മാന്ത്രയ്ക്കൽ അമ്പലത്തിനടുത്ത് ആൾത്താമസമില്ലാത്ത പറമ്പിൽ മാലിന്യം തള്ളിയത് കണ്ടെത്തിയത്. സമീപത്തെ വീടുകളിലെ കിണറുകളിലേയ്ക്കും മാലിന്യം ഒലിച്ചിറങ്ങി കഴിഞ്ഞു. സമീപത്തെ 20 ഏക്കർ വരുന്ന പാടശേഖരത്തിൽ മാലിന്യം വ്യാപിച്ചു. ഇവിടെ നിന്നും സമീപത്തെ തോടുകളിലേയ്ക്ക് മാലിന്യം ഒഴുകിയെത്തി കടമ്പ്രയാർ വരെ ഒഴുകുന്ന തോട്ടിലും മാലിന്യമൊഴുകുകയാണ്. ഈ തോടിനു സമീപം നിരവധി കുടിവെള്ള പദ്ധതികളുണ്ട്. പാടശേഖരത്തിന് സമീപമാണ് മാന്ത്രയ്ക്കൽ ദേവീ ക്ഷേത്രം, ഇവിടെയെത്തുന്നവരും ദുർഗന്ധത്തിൽ പൊറുതി മുട്ടുകയാണ്. മാലിന്യത്തിൽ നിന്നുമുയരുന്ന ദുർഗന്ധം മൂലം സമീപമുള്ള വീട്ടുകാർക്ക് ശാരീരികസ്വസ്ഥ്യങ്ങളുമുണ്ടായി. ഇവർ തല്ക്കാലം താമസം ബന്ധുവീടുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. മാലിന്യം തള്ളിയ വാഹനം കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി കുന്നത്തുനാട് സി.ഐ വി.ടി. ഷാജൻ പറഞ്ഞു.