കൊച്ചി: ''അമേരിക്കൻ പ്രസി‌ഡന്റ് ജോർജ് ബുഷിന്റെ ക്ഷണിക്കപ്പെട്ട സദസിൽ നൃത്തം അവതരിപ്പിച്ചതിന് 15 ലക്ഷംരൂപ പാരിതോഷികം ലഭിച്ചിട്ടുള്ള കലാകാരിയാണ് ഞാൻ. ഇന്ന് തലചായ്ക്കാൻ ഒരുകൂരയും മൂന്നുനേരം കഴിക്കാൻ ഭക്ഷണവുമില്ലാതെ വെറും ഭിക്ഷക്കാരിയായി അലയുന്നു.'' കഴിഞ്ഞ സെപ്തംബർ 25 ന് എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിനുമുമ്പിൽ പ്ലക്കാർഡുമേന്തി സത്യാഗ്രഹമിരുന്ന ചോറ്റാനിക്കര രുഗ്മിണിദേവി എന്ന നാടകനടിയുടെ ആ വാക്കുകൾ ഇനിയില്ല.

അവസാനകാലം വാടകവീട്ടിൽ അനാഥയായി ജീവിച്ച അവർ ഇന്നലെ ഈ ലോകത്തോട് യാത്രപറഞ്ഞു. കുളിമുറിയിൽ മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം എന്തെന്നറിയാൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ഇന്നുനടക്കുന്ന പോസ്റ്റുമോർട്ടത്തിന്റെ ഫലം വരുന്നതുവരെ കാത്തിരിക്കണം.

1960കളിൽ ആറ്റിങ്ങൽ ദേശാഭിമാനി തിയേറ്റേഴ്സിലൂടെയാണ് രുഗ്മിണിദേവി പ്രൊഫഷണൽ നാടകരംഗത്ത് എത്തിയത്. തുടർന്നിങ്ങോട്ട് ആറുപതിറ്റാണ്ടുകാലം കേരളത്തിലെ പ്രമുഖസമിതികളിലും നെല്ലിക്കോട് ഭാസ്‌കരൻ, എൻ.എൻ. പിള്ള, തിലകൻ, എസ്.എൽ.പുരം, ശങ്കരാടി, മാള അരവിന്ദൻ, കുതിരവട്ടം പപ്പു തുടങ്ങിയ പ്രമുഖർക്കൊപ്പവും 1500 ൽപ്പരം വേദികളിൽ നാടകനടിയായും ഇണയത്തേടി, എന്റെ ശത്രുക്കൾ, ഈ ശബ്ദം ഇന്നത്തെ ശബ്ദം എന്നീ സിനിമകളിൽ സഹനടിയായും വേഷമിട്ടു.

1967 ൽ ദേശാഭിമാനി തിയേറ്രേഴ്‌സിൽ അഭിനയിക്കുന്ന കാലത്ത് ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടും എ.കെ.ജിയും ആവശ്യപ്പെട്ടതനുസരിച്ച് കോസല രാമദാസിനുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ട്. അന്നുമുതൽ കമ്മ്യൂണിസ്റ്റുകാരിയായാണ് ജീവിച്ചത്. കോസലരാമദാസിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആകെലക്ഷ്യമിട്ട ഒരു ലക്ഷംരൂപയിൽ 24,000 രൂപയും ഹുണ്ടികപ്പിരിവിലൂടെ സമാഹരിച്ചതിന് എ.കെ.ജി സമ്മാനിച്ച രണ്ടു സാരികളിൽ ഒന്ന് മരണംവരെയും നിധിപോലെ സൂക്ഷിക്കുന്നുണ്ടായിരുന്നു. അഭിനയത്തിലൂടെ സമ്പാദിച്ചപണം വിനിയോഗിച്ച് ചോറ്റാനിക്കരയിൽ വാങ്ങിയ 75 സെന്റ് സ്ഥലം പിന്നീട് അന്യാധീനപ്പെട്ടു. ഭർത്താവ് രാജൻ പരമാരയും നാടക കലാകാരനായിരുന്നു. ഭർത്താവിന്റെ മരണത്തിനും മക്കളുടെ വിവാഹത്തിനുംശേഷം രുഗ്മിണിദേവി തനിച്ചായി. മക്കളുടെ കൂടെ താമസിക്കാൻ ആഗ്രഹിച്ചിരുന്നില്ല.

വാർദ്ധക്യത്തിൽ നിരാലംബയായപ്പോൾ സ്വന്തമായി കിടപ്പാടവും നിത്യചെലവിന് വകയുമില്ലെന്ന് ആരോപിച്ചാണ് താലൂക്ക് ഓഫീസ് പടിക്കൽ സത്യാഗ്രഹസമരം ആരംഭിച്ചത്. അവരുടെ ദുരന്തകഥസംബന്ധിച്ച കേരളകൗമുദി വാർത്തയെത്തുടർന്ന് എറണാകുളം ജില്ലാ കളക്ടർ പ്രശ്നത്തിൽ ഇടപെട്ടെങ്കിലും പരിഹാരം കണ്ടെത്തുന്നതിന് മുമ്പേ രുഗ്മിണിദേവി യാത്രയായി. കഴിഞ്ഞ ചൊവ്വാഴ്ച കളക്ടറുടെ ചേമ്പറിൽ രുഗ്മിണിദേവിയും ഇളയമകളുമായി ചർച്ചനടത്തി തുടർ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ആകസ്മിക അന്ത്യമുണ്ടായത്.