വൈപ്പിൻ: വൈപ്പിൻ നിയോജക മണ്ഡലത്തിലെ 8 ഗ്രാമപഞ്ചായത്തുകളിലും ഒരു ബ്ലോക്ക് പഞ്ചായത്തിലും മറ്റൊരു ബ്ലോക്കിന്റെ ഒരു ഭാഗത്തിലും സീറ്റ് വിഭജനം പൂർത്തിയാക്കാൻ യു.ഡി.എഫിനും എൽ.ഡി.എഫിനും കഴിഞ്ഞിട്ടില്ല.
യു.ഡി.എഫിൽ മുസ്ലീംലീഗിന്റെ ആവശ്യം മാത്രമാണ് കോൺഗ്രസ് ഗൗരവത്തിൽ എടുക്കുന്നത്. 15 സീറ്റുള്ള എടവനക്കാട് 2 സീറ്റിലാണ് ലീഗ് മത്സരിക്കാറുള്ളത്. എന്നാൽ ഇത്തവണ 4 സീറ്റാണ് ആവശ്യം. മുളവുകാട് ഒരു സീറ്റ് ലീഗിന് ന്‌ലകിയിട്ടുണ്ട്. കേരള കോൺഗ്രസിന് നിലവിൽ ബ്ലോക്ക് പഞ്ചായത്ത് മാനാട്ട്പറമ്പ് സീറ്റുണ്ട്. ഇതിനവകാശവുമായി ജോസഫ് ഗ്രൂപ്പ് രംഗത്ത് ഉണ്ടെങ്കിലും യു ഡി എഫിന്റെ ഉറച്ചസീറ്റ് ഇത്തവണ കോൺഗ്രസ് എടുക്കുകയാണ്. ആർ.എസ്.പി , ഫോർവേർഡ് ബ്ലോക്ക്, ജനതാദൾ (ജോൺ വിഭാഗം) എന്നീ കക്ഷികൾ അവകാശവുമായി രംഗത്തുണ്ടെങ്കിലും കോൺഗ്രസ് ഗൗനിക്കുന്നതേയില്ല.
എൽ.ഡി.എഫിൽ 7 പഞ്ചായത്തുകളിലും കാര്യമായ തർക്കങ്ങളില്ല. എന്നാൽ എളങ്കുന്നപ്പുഴയിൽ സി.പി.എം, സി.പി.ഐതർക്കം രൂക്ഷമാണ്. 23 അംഗങ്ങളുള്ള ഇവിടെ 4 വാർഡുകളിലാണ് സി.പി.ഐ മത്സരിക്കാറുള്ളത്. 17 അംഗങ്ങൾ ഉണ്ടായിരുന്നപ്പോഴും 4 സീറ്റിൽ തങ്ങൾ മത്സരിച്ചുണ്ടെന്നും അംഗസംഖ്യ 23 ആയപ്പോഴും കൂടുതൽ സീറ്റിലേക്ക് തങ്ങളെ പരിഗണിച്ചില്ലെന്നുമാണ് സി.പി.ഐയുടെ ആക്ഷേപം. 33 ബ്രാഞ്ചുകളിലായി ആയിരത്തോളം പാർട്ടി അംഗങ്ങൾ തങ്ങൾക്കുണ്ടെന്നും അവകാശപ്പെടുന്നു. ചർച്ചകൾ ഉടൻ പൂർത്തിയാകുമെന്നും രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും യു.ഡി.എഫും എൽ.ഡി.എഫും വ്യക്തമാക്കുന്നു.