കോലഞ്ചേരി: പട്ടിമറ്റത്ത് അനധികൃത പാർക്കിംഗും, റോഡരുകിൽ ബോർഡും, ഹോർഡിംഗ്സും, നിറഞ്ഞതോടെ വഴി യാത്ര ദുഷ്ക്കരമായി. ബസ് സ്റ്റോപ്പുകൾ ടൗണിൽ തന്നെ തുടരുന്നതിനാൽ ഒരു ബസ് വന്നു നിർത്തിയാൽ ജംഗ്ഷൻ കുരുക്കിലാകും. കടകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ വാഹനങ്ങൾ കടകൾക്കു മുന്നിൽ പാർക്ക് ചെയ്യുന്നതോടെ കുരുക്ക് ഇരട്ടിയാകും. ബസ് സ്റ്റോപ്പിൽ നിർത്തുന്ന ബസുകളിൽ നിന്ന് ഇറങ്ങുന്നവർക്ക് റോഡിൽ സ്ഥാപിച്ചിരിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ ബോർഡും കുരുക്കാണ്.മൂവാറ്റുപുഴ, കോലഞ്ചേരി ഭാഗത്തേക്ക് പോകുന്ന ബസുകളിലെ യാത്രക്കാരാണ് കുരുങ്ങുന്നവരിലധികവും. റോഡിന്റെ ഒരു ഭാഗത്ത് ഓട്ടോ സ്റ്റാൻഡാണ് മറുവശത്ത് അനധികൃത പാർക്കിംഗും.
ബസ് സ്റ്റോപ്പ് മാറ്റുന്നത് സംബന്ധിച്ച് നിരവധി ചർച്ചകൾ നടന്നുവെങ്കിലും തീരുമാനമായിട്ടില്ല. പി.പി റോഡിൽ പെരുമ്പാവൂരിലേക്ക് പോകുന്ന ബസ് സ്റ്റോപ്പിലൊഴിച്ച് മറ്റൊരിടത്തും വെയ്റ്റിംഗ് ഷെഡുമില്ല. അതാത് ഭാഗത്ത് വിവിധ സ്ഥാപനങ്ങളുടെ മുന്നിലാണ് യാത്രക്കാർ ബസ് കാത്ത് നില്ക്കുന്നത്. ടൗണിന്റെ നാലു ഭാഗത്തും കാൽനടയാത്രക്കാർക്കായി വാക്ക് വെ സൗകര്യമൊരുക്കിയെങ്കിലും അന്യ സംസ്ഥാന തൊഴിലാളികളും, ബസ് സ്റ്റോപ്പുകളിലെ യാത്രക്കാരും വാക്ക് വെയിൽ നില്ക്കുന്നതോടെ കാൽ നട യാത്രയും ദുഷ്ക്കരമാണ്.
മഴയിൽ ജംഗ്ഷൻ വെള്ളത്തിനടിയിൽ
ഒരു കോടി രൂപ ചെലവിട്ട് പട്ടിമറ്റം കവല വികസനം പൂർത്തിയാക്കിയിട്ടും ഒറ്റ മഴ മതി പട്ടിമറ്റം ജംഗ്ഷൻ കുളമാകാൻ. നാലു വശങ്ങളിലെ ഓടകളിൽ നിന്നുള്ള മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമൊരുക്കാതെ ഓടകൾക്കു മുകളിൽ സ്ലാബിട്ട് ടൈൽ പാകിയാണ് കവല വികസനം യാഥാർത്ഥ്യമാക്കിയത്. കോലഞ്ചേരി റോഡിൽ തിയേറ്റർ ജംഗ്ഷനിൽ അമ്പാടി നഗർ ഭാഗത്തു നിന്നു വരുന്ന മഴ വെള്ളം കാനയിലേയ്ക്ക് ഒഴുകുന്നതിനും സൗകര്യമൊരുക്കിയിട്ടില്ല. ഈ വെള്ളവും റോഡിലൂടെ ഒഴുകി കവലയിലേക്കാണ് എത്തുന്നത്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇതിലൂടെയുള്ള യാത്ര ദുരിതത്തിലാണ്. കാൽനടക്കാർ നീന്തിപ്പോകേണ്ട അവസ്ഥയിലാണ്.
അപകടസാദ്ധ്യതയും വർദ്ധിച്ചു
വെള്ളമൊഴുക്കിന് വഴിയുണ്ടാക്കുന്ന കാര്യം മറന്നതാണ് പ്രധാന പ്രശ്നം. ടൗണിൽ നിന്നും അഴുക്ക് വെള്ളവുമായി ഒഴുകുന്ന പ്രധാന കാന പൂർണ്മാക്കാതെ പി.പി റോഡിൽ വ്യാപാര ഭവന് സമീപം അവസാനിക്കുകയാണ് ഇവിടെ കെട്ടി നില്ക്കുന്ന വെള്ളത്തിൽ നിന്നും പറന്നുയുരന്ന കൊതുകുകൾ സമീത്തെ ആളുകളുടെ ഉറക്കവും കളയുകയാണ്.