കൊച്ചി: ഇക്കൊല്ലത്തെ ഉത്സവസീസൺ കൊവിഡ് പ്രതിരോധത്തിൽ തട്ടി നിൽക്കുമ്പോൾ ആനയെഴുന്നള്ളിപ്പ് സംബന്ധിച്ച് കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉത്തരവ് ഭക്തരിലും ഉത്സവാഘോഷ കമ്മിറ്റിക്കാരിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. മേജർ ക്ഷേത്രങ്ങളിൽ മാത്രം ഉത്സവത്തിന് ഒരു ആനയെമാത്രം എഴുന്നള്ളിപ്പിക്കാമെന്നും മറ്റ് ക്ഷേത്രങ്ങളിൽ പൂജാരി തിടമ്പ് കൈയിലേന്തി ചടങ്ങു നടത്താനുമാണ് ബോർഡ് ഉത്തരവ്.

ചോറ്റാനിക്കര, തൃശൂർ വടക്കുംനാഥൻ, കൊടുങ്ങല്ലൂർ, തിരുവില്വാമല, തിരുവഞ്ചിക്കുളം ക്ഷേത്രങ്ങൾ മാത്രമാണ് ബോർഡിൽ മേജർ പദവിയിലുള്ളത്. വലിയ ഉത്സവങ്ങൾ നടക്കുന്ന, ആചാരപ്രധാനമായ ചടങ്ങുകൾ ഏറെയുള്ള തൃപ്പൂണിത്തുറ, ആറാട്ടുപുഴ, തൃപ്രയാർ, ഉത്രാളിക്കാവ്, എറണാകുളം തുടങ്ങിയ ക്ഷേത്രങ്ങളിൽ ഈ ഉത്തരവ് പ്രകാരം ആനയെ എഴുന്നള്ളിക്കുക അസാദ്ധ്യമാകും. പൊലീസ് ഗാർഡ് ഒഫ് ഓണർ നടക്കുന്ന ഉത്സവങ്ങളാണ് ഇതിൽ പലതും.

തൃപ്പൂണിത്തുറ ക്ഷേത്രത്തിലാകട്ടെ 15 ആനകളുടെ എഴുന്നള്ളിപ്പ് ഇതുവരെ മുടങ്ങിയിട്ടില്ല. ഭക്തരെ നിയന്ത്രിച്ച് എഴുന്നള്ളിപ്പ് പതിവ് പോലെ നടത്താനുള്ള സർക്കാർ അനുമതിക്കായി കാക്കുകയാണ് ക്ഷേത്രം ഭാരവാഹികൾ.
കൊവിഡ് പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ ജില്ലാ കളക്ടറും ദുരന്തനിവാരണ സമിതിയുമാണ് ആന എഴുന്നള്ളിപ്പ് അനുമതി നൽകേണ്ടത്. വനംവകുപ്പിനും ഇതിലൊന്നും ചെയ്യാനില്ല. മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ നിന്ന് ഒരു ആനയെ ഉപയോഗിച്ച് എഴുന്നള്ളിപ്പിന് അനുമതിക്കായി വനം വകുപ്പിനെ സമീപിച്ചിട്ടുണ്ട്. അപേക്ഷ കളക്ടർക്ക് കൈമാറുകയും ചെയ്തു. ദേവസ്വം ബോർഡിന്റേത് കൂടാതെ ഒട്ടേറെ പ്രമുഖ ക്ഷേത്രങ്ങളും ഉത്സവ നടത്തിപ്പിനെക്കുറിച്ച് അനിശ്ചിതത്വത്തിലാണ്.