ഗുണം എൽ.ഡി.എഫിനോ യു.ഡി.എഫിനോ?
മൂവാറ്റുപുഴ: പിളർപ്പുകളും കൂടുവിട്ടു കൂടുമാറലും ശരിയായ തീരുമാനമാണെന്നു തെളിയിക്കേണ്ടത് കേരള കോൺഗ്രസ് ഗ്രൂപ്പുകളുടെ ബാദ്ധ്യതയായി. നേതാക്കന്മാരുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിലെ സ്വാധീനം അറിയിക്കാൻ സർവസന്നാഹത്തോടെയുള്ള പ്രവർത്തനം ഉറപ്പാക്കുകയാണ് കിഴക്കൻ മേഖലയിലെ കേരള കോൺഗ്രസ് ഗ്രൂപ്പുകളിലെ നേതാക്കന്മാർ. കേരള കോൺഗ്രസ് ഗ്രൂപ്പുകൾ തങ്ങളെടുത്ത തീരുമാനം ശരിയാണെന്ന് സ്ഥാപിക്കാൻ തിരഞ്ഞെടുപ്പിൽ സർവശക്തിയും പ്രയോജനപ്പെടുത്തി രംഗത്തുവരുമ്പോൾ തിരഞ്ഞെടുപ്പ് രംഗം കേരള കോൺഗ്രസ് ഗ്രൂപ്പുകൾ തമ്മിലുള്ള ശക്തിപ്രകടനം കൂടിയാകുമെന്നാണ് കരുതുന്നത്.
# പോരാട്ടം തീപാറും
കിഴക്കൻമേഖലയിൽ കേരള കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആരക്കുഴ, ആവോലി, ആയവന പഞ്ചായത്തുകളിൽ സ്വതന്ത്ര ചിഹ്നത്തിലാണ് ചില വാർഡുകളിൽ സി.പി.എമ്മും സി.പി.ഐയും മത്സരിച്ചത്. എന്നാൽ ഇക്കൊല്ലം കേരള കോൺഗ്രസ് എമ്മിലെ ജോസ് കെ. മാണി വിഭാഗം എൽ.ഡി.എഫിൽ അണിചേർന്നതോടെ ശക്തമായ മത്സരം ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. കേരള കോൺഗ്രസ് വിഭാഗങ്ങൾക്ക് ഏറെ സ്വാധീനമുള്ള കിഴക്കൻ മേഖലയിൽ പാർട്ടിയിലെ വിള്ളലുകളും കൂടുവിട്ടു കൂടുമാറലുകളും വിജയപരാജയങ്ങളുടെ ചൂണ്ടുപലകയാകും. കേരള കോൺഗ്രസ് ഭരണം കയ്യാളിയിരുന്ന കല്ലൂർക്കാട്, ആരക്കുഴ, മഞ്ഞള്ളൂർ, ആയവന പഞ്ചായത്തുകളിൽ മാത്രമായിരിക്കില്ല ഇതു പ്രതിഫലിക്കുക. കേരള കോൺഗ്രസ് എം ജോസ്, മാണി വിഭാഗമായി അടർന്ന് എൽ.ഡി.എഫിൽ എത്തിയത് യു.ഡി.എഫിനെ ബാധിക്കുമ്പോൾ കേരള കോൺഗ്രസിൽനിന്ന് പിണങ്ങിപ്പിരിഞ്ഞു ഇടതുപക്ഷത്തോടൊപ്പം നിന്ന ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരള കോൺഗ്രസിലെ ഒരുവിഭാഗം ഇപ്പോൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തോടൊപ്പം ചേർന്നിരിക്കുന്നത് യു.ഡി.എഫിന് ഗുണമാകുമെന്നാണ് വിലയിരുത്തൽ.
പഞ്ചായത്ത് ഭരണസമിതികളിൽ അദ്ധ്യക്ഷന്മാരെയും ഉപാദ്ധ്യക്ഷന്മാരെയും സ്ഥിരംസമിതി അദ്ധ്യക്ഷന്മാരെയും വർഷംതോറും മാറ്റി പരീക്ഷിച്ചത് യു.ഡി.എഫിന് ഭരണം കിട്ടിയ കിഴക്കൻ മേഖലയിലെ തദ്ദേശ സ്ഥാപനങ്ങളിലായിരുന്നു. കേരള കോൺഗ്രസ് വിഭാഗങ്ങൾക്ക് ഭരണസമിതിയെ മറിച്ചിടാൻ വരെ കഴിയുന്ന അംഗബലം ഈ പഞ്ചായത്തുകളിൽ ഉണ്ടായിരുന്നതിനാലാണിത്. യു.ഡി.എഫ് ഭരണം കിട്ടിയ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലും സ്ഥാനങ്ങൾ വർഷംതോറും മാറിമാറിഞ്ഞിരുന്നു.