keeri

കോലഞ്ചേരി: കാൻവാസിൽ കവിത വരയ്ക്കുന്ന ബ്രഷിന് കീരിയുടെ രോമമാണെങ്കിൽ അതിവിശേഷമത്രെ. ഫലമോ, നാട്ടിലെ കീരികൾക്ക് കിടക്കപ്പൊറുതിയില്ല. രോമം കിട്ടാൻ പാവം കീരികളെ പിടിച്ചു കൊല്ലുകയാണ് വേട്ടക്കാർ.

പ്രതിവർഷം ഇന്ത്യയൊട്ടാകെ ഒരുലക്ഷത്തോളം കീരികളെ ബ്രഷ് രോമത്തിനായി കൊന്നൊടുക്കുന്നതായാണ് കണ്ടെത്തൽ. അടുത്തകാലത്തായാണ് ഈ വർദ്ധനവുണ്ടായത്. നല്ല കലാകാരന്മാരും കമ്പനികളും കീരിരോമ ബ്രഷുകൾ ഉപയോഗി​ക്കാറി​ല്ല.

അമ്പതോളം കീരികളെ കൊന്നാലേ ഒരുകിലോഗ്രാം രോമം കിട്ടൂ. ഒന്നിൽ നിന്ന് 20ഗ്രാം നല്ലരോമം മാത്രമേ ലഭിക്കൂ.

നേരത്തെ 'ഓപ്പറേഷൻ ക്ലീൻ ആർട്ട്' എന്നപേരിൽ വന്യജീവി കു​റ്റകൃത്യനിയന്ത്റണ ബ്യൂറോയും സി.ബി.ഐയും കൂടി നടത്തിയ റെയ്ഡിൽ അമ്പതിനായിരത്തിലേറെ പെയിന്റ്ബ്രഷുകളും 113 കിലോഗ്രാം കീരിരോമവും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും മുമ്പ് പിടിച്ചെടുത്തിട്ടുണ്ട്. 49 പേർ അറസ്റ്റിലാവുകയും ചെയ്തു.

കോടികളുടെ കച്ചവടം

ചിത്രകാരന്മാർ സൂക്ഷ്മമായ വരകൾക്കായി​ വാങ്ങുന്ന കീരിരോമം കൊണ്ടുള്ള ബ്രഷിന്റെ കച്ചവടം കോടികളുടേതാണ്. പല സംസ്ഥാനങ്ങളിലും വനവാസികളാണ് കീരിരോമം വിപണിയിലേക്കെത്തിക്കുന്നത്. ആറുതരം കീരികളാണ് ഇന്ത്യയിൽ ഉള്ളത്. ഏറ്റവുമധി​കമുള്ള തവിട്ടുകീരിയാണ് രോമത്തിനായി ഏ​റ്റവും കൂടുതൽ വേട്ടയാടപ്പെടുന്നത്. ഉത്തർപ്രദേശിലെ ഷെർക്കോട്ടിലാണ് ഇത്തരം ബ്രഷുകളുടെ നി​ർമ്മാണകേന്ദ്രം.

ബ്രഷിന് അഞ്ചിരട്ടി വില

കീരിരോമ ബ്രഷുകൾക്ക് അഞ്ചിരട്ടിയോളം വിലയുണ്ട്. കച്ചവടത്തിലെ ലാഭം കണ്ട് ബ്രഷ് ഉത്പാദനവും വൻ തോതിലാണ്. ജലച്ചായങ്ങൾ ഉപയോഗിച്ച് വരയ്ക്കുമ്പോൾ കൃത്യതകിട്ടാൻ ഇത്തരം ബ്രഷുകൾ ബെസ്റ്റാണ്. നന്നായി ഈടും നിൽക്കും.
ഒരു കിലോ രോമത്തി​ന് ഒരു ലക്ഷം രൂപയോളം വിലയുണ്ടെന്നാണ് അറി​വ്. അന്താരാഷ്ട്ര വിപണികളിലും കീരിരോമങ്ങൾ വിപണനം ചെയ്യപ്പെടുന്നുണ്ട്. യൂറോപ്പിലേക്കും അമേരിക്കയിലേക്കും മദ്ധ്യേഷ്യയിലേക്കും രഹസ്യമായി​ കയ​റ്റുമതി ചെയ്യുന്നുമുണ്ട്.

കർഷകമിത്രം

മൂർഖൻ പാമ്പിനെ ഒ​റ്റക്കടിക്ക് കൊല്ലാൻ കഴിയുന്ന കീരി കർഷകമിത്രമാണ്. എലികളെയും കീടങ്ങളെയും നിയന്ത്റിക്കാൻ നൽകുന്ന സംഭാവനകളും ചെറുതല്ല. വന്യജീവിസംരക്ഷണനിയമത്തിന്റെ രണ്ടാം ഷെഡ്യൂളിൽ വരുന്ന കീരിയെ വേട്ടയാടുന്നതോ കൈവശം വയ്ക്കുന്നതോ കൊണ്ടുപോകുന്നതോ ഏഴുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന കു​റ്റമാണ്‌.

രണ്ടു കേസുകൾ

കോടനാട് റേഞ്ച് ഓഫീസിനുകീഴിൽ ഒരുവർഷം മുമ്പ് കീരിരോമ ബ്രഷുകൾ വിറ്റതുമായി ബന്ധപ്പെട്ട് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത ബ്രഷുകൾ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്നോളജിയിൽ പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. ഇതുവരെ ഫലം ലഭിച്ചിട്ടില്ല. ഫോറസ്റ്റ് റേഞ്ച് ഓഫീസർ, കോടനാട്