മൂവാറ്റുപുഴ: കഴിഞ്ഞ ഒരുമാസത്തിനിടെ പത്തോളം പദ്ധതികളുടെ ഉദ്ഘാടനമാണ് മൂവാറ്റുപുഴ നഗരത്തിൽ മാത്രം നടന്നത്. സമീപ പ‌ഞ്ചായത്തുകളിലും ഉദ്ഘാടനപ്പെരുമഴയായിരുന്നു. എന്നാൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ഇതിന് വിരാമമായി.

തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പേ പദ്ധതികൾ പൂർത്തീകരിച്ചും തുടക്കംകുറിച്ചും വികസന നേട്ടങ്ങളിലുൾകൊള്ളിക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികൾ നടത്തിയ അതിവേഗ ഉദ്ഘാടനങ്ങൾക്കാണ് തത്കാലം വിരാമമായത്. ഇഴഞ്ഞു നീങ്ങിയിരുന്നതും സ്തംഭിച്ചുകിടന്നതുമായ പദ്ധതി പ്രവർത്തനങ്ങൾക്ക് ഈ കാലയളവിൽ ജീവൻവയ്ക്കുകയും ചെയ്തു.

മൂവാറ്റുപുഴ നഗരത്തിൽ ഷീ ലോഡ്ജ്, ആധുനിക പൊതുശ്മശാനം, ഹൈടെക് അങ്കണവാടികൾ, വയോമിത്രം സെന്റർ, റോഡ് നിർമാണം തുടങ്ങി വിവിധ പദ്ധതികളാണ് തുടർച്ചയായ ദിവസങ്ങളിൽ ഉദ്ഘാടനംചെയ്തത് . പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് നടന്നത് കൂടുതലും റോഡുകളുടെ ഉദ്ഘാടനങ്ങളും നിർമാണ ഉദ്ഘാടനങ്ങളുമാണ്. കുടുംബാരോഗ്യകേന്ദ്ര പ്രഖ്യാപനം, വയോജന പാർക്ക് പ്രഖ്യാപനം തുടങ്ങി ഒട്ടേറെ പദ്ധതികളുടെ പ്രഖ്യാപനങ്ങളും നടന്നു.

തിരഞ്ഞെടുപ്പിൽ വികസനം അജണ്ടയാകുമ്പോൾ ഇരുപക്ഷത്തിനും ചൂണ്ടിക്കാണിക്കാനും ആരോപണമുന്നയിക്കാനും എന്തെങ്കിലുമൊക്കെ വേണമല്ലോ.