കൊച്ചി: എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന് കേന്ദ്ര ഭവന- നഗര മന്ത്രാലയത്തിന്റെ അർബൻ മൊബിലിറ്റി ഇന്ത്യാ കോൺഫറൻസ് - 2020ന്റെ അംഗീകാരം നാളെ സമ്മാനിക്കും. കൊവിഡ് കാലഘട്ടത്തിൽ നടപ്പാക്കിയ പൊതുഗതാഗത സംരംഭങ്ങൾക്കുള്ള പുരസ്കാരങ്ങളിൽ "സ്തുത്യർഹസംരംഭം" എന്ന വിഭാഗത്തിൽ ഇന്ത്യയിലെ വിവിധ അപേക്ഷകളിൽ നിന്നുമാണ് കൊച്ചി നേട്ടം കൈവരിച്ചത്.

ഇന്ത്യയിൽ ആദ്യമായി ആറ് ട്രേഡ് യൂണിയനുകൾ ചേർന്ന് ഓട്ടോറിക്ഷാ തൊഴിലാളികളുടെ ക്ഷേമത്തോടൊപ്പം പൊതുഗതാഗത ശാക്തീകരണത്തിനും മെച്ചപ്പെട്ട പൊതുജന സേവനത്തിനുമായി രൂപികരിച്ച സഹകരണ സംഘമാണിത്. കൊവിഡ് കാലത്ത് ഏറ്റവുമധികം കഷ്ടത അനുഭവിക്കുന്ന ഓട്ടോ തൊഴിലാളികൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും മെച്ചപ്പെട്ട സേവനമൊരുക്കുന്നതിനും സംഘം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഓസ ആപ്പ് ഉടൻ

സൊസൈറ്റിയുടെ ഓൺലൈൻ ഓട്ടോ സംവിധാനമായ "ഓസാ" റൈഡ് ആപ്പ് പൂർത്തികരണ ഘട്ടത്തിലാണ്. പൊതുഗതാഗത സംവിധാനത്തിന് ഫീഡറായി, മെട്രോ ഗതാഗതത്തിന് ഇലക്ട്രിക് ഫീഡർ സർവീസ് എന്നിവ വിജയകരമായി നടത്തി വരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് യാത്രക്കൂലി വാങ്ങുന്നതിന് ഓട്ടോറിക്ഷകളിൽ ഫെഡറൽ ബാങ്കുമായി ചേർന്ന് ക്യൂ.ആർ കോഡ് സംവിധാനമേർപ്പെടുത്തി. കൊച്ചി മെട്രോയുടെ ബൗദ്ധീക പിന്തുണയോടെ ആരംഭിച്ച സഹകരണ സംഘം കൊച്ചി മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് വേണ്ടിയുള്ള മികച്ച മുന്നൊരുക്കമാണ്.

പിന്തുണച്ച് കോർപ്പറേഷൻ

സഹകരണ സംഘത്തിന്റെ എല്ലാവിധ വിജയത്തിനും സാങ്കേതിക സഹായം നൽകുന്നത് നിഷാന്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ടെക്നോവിയാ ഇൻഫോ സൊലൂഷൻസാണ്. ജർമ്മൻ സംരംഭമായ ജി.ഐ.ഇസഡ് സ്മാർട്ട് എസ്.യു.ടി പദ്ധതി കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിൽ സഹകരണ സംഘത്തെ ഏറ്റെടുത്തിട്ടുണ്ട്. സംഘാംഗങ്ങൾക്കാവശ്യമായ പരിശീലനം, 320 ഓട്ടോറിക്ഷാകളിൽ സുരക്ഷാ ക്യാബിൻ സെപ്പറേറ്റർ, 100 ഫീഡർ ഇലക്ട്രിക് ഓട്ടോറിക്ഷകൾ സ്വന്തമാക്കാൻ സഹായം എന്നിവയുമായി ഓട്ടോ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കുകയാണ് ജി.ഐ.ഇസഡ് സ്മാർട്ട് എസ്.യു.ടി പദ്ധതി. സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ വിപുലികരിക്കാൻ തൊഴിലാളി കുടുംബങ്ങളെ ചേർത്തു സംരംഭങ്ങൾ, അവരുടെ ക്ഷേമത്തിന് പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങൾ കണ്ടെത്തുന്നതിനുള്ള നടപടികൾ, പൊതുജനോപകാര പ്രദമായ സേവന പദ്ധതികൾ എന്നിവ സംഘം ലക്ഷ്യമിടുന്നുണ്ട്. എം.ബി. സ്യമന്തഭദ്രൻ പ്രസിഡന്റും, കെ.കെ. ഇബ്രാഹിംകുട്ടി സെക്രട്ടറിയുമായ ഭരണസമിതിയിൽ ട്രേഡ് യൂണിയൻ പ്രതിനിധികളായ സൈമൺ ഇടപ്പള്ളി, ബിനു വർഗീസ്, അനിൽകുമാർ വി.കെ., രഘുനാഥ് പനവേലി, ടി.ബി. മിനി എന്നിവരാണ് നേതൃത്വം നൽകുന്നത്. എസ്.സി.എം.എസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റിയുടെ വളർച്ചക്കാവശ്യമായ മാനേജ്മെന്റ് സഹായം നൽകുന്നു.