കൊച്ചി: റേഷൻ ഭക്ഷ്യധാന്യങ്ങൾ തിരിമറി നടത്താൻ ശ്രമിച്ചാൽ ഇനി കൈയോടെ പിടിയിലാകും. ഇതിനായി പ്രാദേശിക വിജിലൻസ് കമ്മിറ്റികൾ ഉടൻ ആരംഭിക്കും. ജില്ലയിൽ വിവിധ റേഷൻ കടകളുടെ കീഴിൽ ഇത്തരം 1,334 കമ്മിറ്റികൾ ഉണ്ടാവും. ജില്ലാ, താലൂക്ക് തലത്തിൽ ഇവ രൂപീകരിച്ചു കഴിഞ്ഞു. സർക്കാർ അനുമതിയുടെ അടിസ്ഥാനത്തിൽ മറ്റു നടപടികൾ ആരംഭിക്കും.
വിജിലൻസ് കമ്മിറ്റി
ജനകീയ പങ്കാളിത്തത്തോടെ റേഷൻ വിതരണം നിരീക്ഷിക്കായായി സംസ്ഥാനത്ത് 14,232 വിജിലൻസ് കമ്മിറ്റികളാണ് വരുന്നത്. കാർഡുടമകൾ, രാഷ്ട്രീയ പാർട്ടി അംഗങ്ങൾ, ഭക്ഷ്യസുരക്ഷാ മേഖലയിലെ സാമൂഹിക പ്രവർത്തകൻ, സ്വതന്ത്ര ഉപഭോക്തൃസംഘടനാ പ്രതിനിധി, ഭിന്നശേഷിക്കാർ എന്നിവരുൾപ്പെട്ടതാണ് കമ്മിറ്റി. തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റുമാരും ചെയർമാന്മാരുമായിരിക്കും തലപ്പത്ത്.
ചുമതലകൾ
ഓരോ കടയുടെയും പരിധിയിൽ റേഷൻ വിതരണം സുതാര്യമായി നടക്കുന്നുണ്ടോയെന്ന് കമ്മിറ്റികൾ പരിശോധിക്കും. എല്ലാമാസവും യോഗം ചേർന്ന് പരാതികൾ കേൾക്കും. പരിഹരിക്കാൻ കഴിയാത്തവ മേൽ കമ്മിറ്റികൾക്ക് കൈമാറും. സംസ്ഥാന ഭക്ഷ്യകമ്മിഷൻ ഇടപെടലിനുമായും ശുപാർശ ചെയ്യും.
തിരഞ്ഞെടുപ്പിന് ശേഷം കമ്മിറ്റി
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പ്രാദേശിക കമ്മിറ്റികൾ രൂപീകരിക്കും. ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിൽ വിജിലൻസ് കമ്മിറ്റികൾ വ്യവസ്ഥ ചെയ്തിരുന്നു. കേരളത്തിൽ ഒരുവർഷം മുൻപാണ് ഇതിനുള്ള നടപടിയാരംഭിച്ചത്. അംഗങ്ങളുടെ തിരഞ്ഞെടുപ്പ് അടുത്തിടെയാണ് പലയിടങ്ങളിലും അവസാനഘട്ടത്തിലെത്തിയത്. ചിലയിലടങ്ങളിൽ കമ്മിറ്റി രൂപവത്കരിക്കും ചെയ്തു.
തദ്ദേശസ്ഥാപന ഭരണ സമിതികളുടെ കാലാവധി തീരാറായത് വിജിലൻസ് കമ്മിറ്റിയുടെ പ്രവർത്തനം തുടങ്ങുന്നതിന് തിരിച്ചടിയായി. ഇതോടെയാണ് പുതിയ ജനപ്രതിനിധികളെ ഉൾപ്പെടുത്തി തദ്ദേശതിരഞ്ഞെടുപ്പിനുശേഷം കമ്മിറ്റികൾ തുടങ്ങാൻ തീരുമാനിച്ചത്.
ഉടൻ പ്രവർത്തനം
വിജിലൻസ് കമ്മിറ്റികൾ തുടങ്ങാനുള്ള സർക്കാർ നിർദ്ദേശം പഞ്ചായത്തുകൾക്ക് കൈമാറിയിരിുന്നു. ഗ്രാമസഭകൾ ചേരുന്നതിലെ ബുദ്ധിമുട്ടു മൂലമാണ് അവ നീണ്ടു പോയത്. തിരഞ്ഞെടുപ്പിന് ശേഷം കമ്മിറ്റികൾ ആരംഭിച്ച് കാര്യക്ഷമമായി പ്രവർത്തിക്കും.
സി.വി. ഡേവിസ്
ജില്ലാ സപ്ലൈ ഓഫീസർ