meeting
മാതൃഭാഷാ വാരാചരണം സമാപന യോഗം മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയിൽ താലൂക്ക് സെക്രട്ടറി വി.കെ.ഷാജി ഉദ്ഘാടനം ചെയ്യുന്നു

കാലടി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയും മലയാള ഐക്യവേദിയും സംയുക്തമായി ഭാഷാഭിമാനസദസ് സംഘടിപ്പിച്ചു. മാതൃഭാഷ സംരക്ഷണദിന പ്രതിജ്ഞ ചൊല്ലി. കോടതി ഭാഷ മലയാളമാക്കുക, പത്താം ക്ലാസ് വരെ എല്ലാ സിലബസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മലയാളം ഒരു ഭാഷാവിഷയമായി ഉൾപ്പെടുത്തുക, പി.എസ്.സി.പരീക്ഷകളിൽ മുപ്പത് ശതമാനം ചോദ്യങ്ങൾ മലയാള ഭാഷയിൽനിന്നും സാഹിത്യത്തിൽ നിന്നുമാക്കുക, ഗവേഷണ പ്രബന്ധങ്ങൾ മലയാളത്തിൽ തയ്യാറാക്കുന്നതിന് ഗവേഷക വിദ്യാർത്ഥികളെ അനുവദിക്കുക, പത്താം ക്ലാസ് വരെ മലയാളം മീഡിയത്തിൽ പഠിച്ച വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി പ്രവേശനത്തിന് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തുക, മലയാള ഭാഷാ പഠനത്തിന് സ്കോളർഷിപ്പ് നൽകുക എന്നീ ആവശ്യങ്ങൾ ഭാഷാഭിമാനസദസ് സർക്കാരിനോട് ആവശ്യപ്പെട്ടു.ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി ഭാഷാഭിമാനസദസ് ഉദ്ഘാടനം ചെയ്തു.മലയാള ഐക്യവേദി ജില്ലാ പ്രസിഡന്റ് ഡോ.സുരേഷ് മൂക്കന്നൂർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമക്ഷേമം ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി കെ.കെ.വിജയൻ, പുരോഗമന കലാസാഹിത്യ സംഘം യൂണിറ്റ് പ്രസിഡന്റ് നോബി കുഞ്ഞപ്പൻ, വനിതവേദി പ്രസിഡന്റ് ജിനി തര്യൻ, കമ്മിറ്റി അംഗങ്ങളായ ജോളി.പി.ജോസ്, പി.കെ.കുട്ടൻ എന്നിവർ സംസാരിച്ചു.