തൃപ്പൂണിത്തുറ: പള്ളിയിൽ മിന്നുകെട്ട്. വിവാഹ സൽകാരം പാർസലായി വീടുകളിൽ ! കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിൽ നടന്ന വിവാഹം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തന്നെ മാതൃകയാകുകയാണ്. തൃപ്പൂണിത്തുറ സ്വദേശിയും വ്യാപാരിയുമായി ജോസിന്റെ മകന്റെ വിവാഹമാണ് ചടങ്ങുകൊണ്ട് വ്യത്യസ്തമായത്.
നാട്ടുകാർക്കെല്ലാം സൽകാരം ഒരുക്കി മക്കളുടെ കല്യാണം നടത്തണമെന്ന് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കും. പക്ഷേ ഈ കൊവിഡ് കാലത്ത് ഇതെങ്ങിനെ സാധിക്കുമെന്ന ചിന്തയാണ് പുതിയ ആശയത്തിന് വഴിതെളിച്ചത്. വിവാഹത്തിന് ക്ഷണിച്ച കുടുംബങ്ങളുടെ വിവരം കാറ്ററിംഗ് ടീമിന് കൈമാറുകയാണ് ചെയ്യുന്നത്. ഇവർ ലിസ്റ്റ് പ്രകാരം ഓരോ വീടുകളിലുമെത്തി പ്രത്യേകമായി പാക്ക് ചെയ്ത ഭക്ഷണം വീടുകളിൽ കൈമാറും. പലരും ഈ രീതി പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.
കാറ്ററിംഗിന് ഉണർവേകും
വിവാഹ സൽക്കാരം പരിമിതപ്പെടുത്തിയതോടെ കാറ്ററിംഗ് സംഘങ്ങൾ ആകെ ദുരിതത്തിലാണ്. പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മറ്റ് ജോലികളിലേക്ക് തിരിഞ്ഞു. എന്നാൽ പുതിയ രീതി മേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് ഈ രംഗത്തുള്ളവർ പ്രതീക്ഷിക്കുന്നത്.