v-muraleedharan

കൊച്ചി: പാർട്ടി ഭാരവാഹി നിയമനത്തിൽ പരിഗണിച്ചില്ലെന്ന് പരസ്യ പ്രതികരണം നടത്തിയ ബി.ജെ.പി മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.എം. വേലായുധൻ കേന്ദ്രമന്ത്രി വി. മുരളീധരനെ കണ്ട് ചർച്ച നടത്തി. കഴിഞ്ഞ ദിവസം എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. വേലായുധന്റെ വിഷമങ്ങളൊക്കെ പറഞ്ഞതായി വി. മുരളീധരൻ കേരളകൗമുദിയോട് പറഞ്ഞു.

ഇതിനിടെ , കേന്ദ്രമന്ത്രി വി. മുരളീധരനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കൊച്ചി ആർ.എസ്.എസ് ആസ്ഥാനത്തെത്തി സംഘടനാ കാര്യങ്ങൾ സംബന്ധിച്ച് ആർ.എസ്.എസ് നേതൃത്വവുമായി ചർച്ച നടത്തി. ബി.ജെ.പി നേതാക്കളുടെ പരസ്യ പ്രതികരണങ്ങളെ ഗൗരവമായി കാണുമെന്നാണ് ആർ.എസ്.എസ് നിലപാട്. സംഘടനയിൽ അച്ചടക്ക ലംഘനം അനുവദിക്കില്ല. ഇത്തരം നിലപാടെടുക്കുന്നവരെ പിന്തുണക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാർട്ടിയുടെ ജയ സാദ്ധ്യതകളെ തുരങ്കം വയ്ക്കുന്ന നിലപാട് അനുവദിക്കാനാകില്ല. എന്ത് പ്രശ്നവും സംഘടനയ്ക്കുള്ളിൽ പറയണം. അവരുടെ പ്രശ്നങ്ങൾ കേട്ട് എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകാൻ പാർട്ടി നേതൃത്വം ശ്രദ്ധിക്കണം. ഇത് സംബന്ധിച്ച് ബി.ജെ.പിയിൽ ആർ.എസ്.എസ് നിയോഗിച്ച സംഘടനാ ജനറൽ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയതായാണറിയുന്നത്.

അച്ചടക്ക വാളോങ്ങി

കേന്ദ്ര നേതൃത്വം

അച്ചടക്ക ലംഘനം തുടരുന്നവർക്കെതിരെ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നടപടിയുണ്ടാകുമെന്ന സന്ദേശം ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വത്തിന് നൽകിയിട്ടുണ്ട്. സുരേന്ദ്രനെതിരെ ആരോപണം ഉന്നയിച്ചവർക്കെതിരെ ഔദ്യോഗിക പക്ഷം പ്രതികരിക്കാത്തത് ദേശീയ നേതൃത്വത്തിന്റെ നിലപാട് മൂലമാണ്. മുരളീധരൻ വിരുദ്ധ പക്ഷ നേതാവെന്നറിയപ്പെടുന്ന പി.പി. മുകുന്ദനും നേതാക്കളുടെ പരസ്യ പ്രതികരണത്തിനെതിരെ നിലപാടെടുത്തിരുന്നു.