
കൊച്ചി: യു.എ.ഇ കോൺസുലേറ്റ് വഴി എത്തിയ ഖുർ ആൻ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ ഇന്ന് കസ്‌റ്റംസ് ചോദ്യം ചെയ്യും. കൊച്ചിയിലെ കസ്റ്റംസ് പ്രവിന്റീവ് ഓഫീസിൽ രാവിലെ പത്തുമണിക്ക് എത്താനാണ് നിർദ്ദേശം. ഹാജരാകുമെന്ന് മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
നികുതിവെട്ടിച്ച് നയതന്ത്രചാനൽ വഴി ഖുർ ആൻ ഇറക്കുമതിയും വിതരണവും പ്രൊട്ടോക്കോൾ ലംഘനവും ക്രമക്കേടുമാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. മാർച്ച് നാലിനാണ് യു.എ.ഇ കോൺസുലേറ്റിന്റെ പേരിൽ മതഗ്രന്ഥമെത്തിയത്. ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ കീഴിലുള്ള സി ആപ്റ്റിന്റെ വാഹനത്തിലാണ് ഖുർ ആൻ വിതരണം ചെയ്യാനായി കൊണ്ടുപോയത്. മന്ത്രിയുടെ നിർദേശപ്രകാരമാണോ ഖുർ ആൻ ഇറക്കുമതി ചെയ്തതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
ഖുർ ആൻ പാഴ്‌സലിന് 4479 കിലാേ തൂക്കമുണ്ടായിരുന്നു. 250 പായ്ക്കറ്റും. ഒരു മതഗ്രന്ഥത്തിന്റെ തൂക്കം 567 ഗ്രാമാണെന്ന് കസ്റ്റംസ് പരിശോധനയിൽ വ്യക്തമായി. ഈ പാഴ്‌സലിന്റെ മറവിൽ സ്വർണം കടത്തിയോ എന്നതിനെക്കുറിച്ചറിയാൻ നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ദേശീയ അന്വേഷണ ഏജൻസിയും ജലീലിനെ ചോദ്യം ചെയ്തിരുന്നു.