കൊച്ചി: ലെഡ് വിമുക്ത താപവൈദ്യുത വസ്തുവും വൈദ്യുതി ഉല്പാദന സംവിധാനവും വികസിപ്പിച്ച് കൊച്ചി ഫിസിക്‌സ് വകുപ്പിലെ പിഎച്ച്.ഡി ഗവേഷകൻ ശ്രീറാം പി. ആർ. ഫാക്ടറികളിലെ ചിമ്മിനികൾ, വാഹന പുകക്കുഴലുകൾ തുടങ്ങിയവയിലൂടെ പാഴാവുന്ന താപോർജ്ജത്തിൽ നിന്നും വൈദ്യുതോല്പാദനം സാദ്ധ്യമാക്കുന്ന, അന്തരീക്ഷ ഊഷ്മാവിൽ പ്രവർത്തിക്കുന്ന സംവിധാനവും കുറഞ്ഞ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ശീതീകരണിയും വികസിപ്പിച്ചിട്ടുണ്ട്. താപോർജ്ജത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഉപകരണത്തെ അടിസ്ഥാനമാക്കിയുള്ള കൂളിംഗ് ഉപകരണത്തിനും പരമ്പരാഗത രീതികളെ അപേക്ഷിച്ച് സവിശേഷതകൾ ഏറെയാണ്.

ഈ സംവിധാനം പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ ഇന്ത്യയിൽ ധാരാളമായി ലഭിക്കുന്നു എന്നത് ഇതിന്റെ സവിശേഷതയാണ്. ഹരിത സാങ്കേതികവിദ്യയിലൂന്നിയ ആദ്യമായി റിപ്പോർട്ടു ചെയ്യപ്പെടുന്ന കണ്ടെത്തലാണിതെന്ന് കരുതപ്പെടുന്നതായി കുസാറ്റിലെ മുൻ പ്രൊഫസ്സറും യു.ജി.സി. ബി.എസ്.ആർ. ഫാക്കൽറ്റി ഫെല്ലോയും ശ്രീറാമിന്റെ ഗവേഷണ ഗൈഡുമായ പ്രൊഫ. എം.ആർ. അനന്ത രാമൻ പറഞ്ഞു.