കോലഞ്ചേരി: പ്രസിഡന്റ് സ്ഥാനം മൂന്നാംവട്ടവും സംവരണം ഐക്കരനാട്ടിൽ പ്രസിഡന്റ് മോഹികൾ കൂട്ടത്തോടെ ബ്ളോക്ക് പഞ്ചായത്ത് സീറ്റിൽ കണ്ണും നട്ടതോടെ സ്ഥാനാർത്ഥി നിർണ്ണയം കീറാമുട്ടിയായി. പത്ത് വർഷം മുമ്പ് വനിത സംവരണമായ ഇവിടെ അടുത്തടുത്ത രണ്ടുടേമിലും സംവരണമായി. രണ്ടും ടേമിൽ പട്ടികജാതി സംവരണമായെങ്കിൽ ഇക്കുറി വീണ്ടും വനിതാ സംവരണമായതോടെ പഞ്ചായത്തിലെ ഇടതു, വലതു മുന്നണികളിലെ പ്രമുഖരാണ് ബ്ലോക്ക് സീറ്റിൽ കണ്ണു വച്ചു മാറിയത്. രണ്ട് ടേം മുമ്പ് പ്രസിഡന്റായിരുന്ന എം.എസ് രാജിയെയാണ് യു.ഡി.എഫ് ഇക്കുറി രംഗത്തിറക്കിയത്. എൽ.ഡി.എഫ് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മിനി സണ്ണിയെയും മത്സസരിപ്പിക്കുകയാണ്.
# വെട്ടിലായത് നേതൃത്വം
ഇവിടെ പ്രസിഡന്റ് കുപ്പായംതുന്നി കാത്തിരുന്നവർ കൂട്ടത്തോടെ കളം മാറ്റിയതോടെ വെട്ടിലായത് മണ്ഡലം നേതൃത്വമാണ്. ബ്ളോക്ക് സീറ്റിലാണ് എല്ലാവരുടെയും കണ്ണ്. കെ.പി.സി.സി മുതലുള്ള സമ്മർദ്ദമായാണ് ബ്ളോക്ക് സീറ്റിലേയ്ക്ക് പലരും എത്തുന്നത്.
ഐക്കരനാട്ടിലെ കടയിരുപ്പ് ഡിവിഷൻ ജനറൽ സംവരണമാണ്. പഞ്ചായത്തിലെ വാർഡുകളൊഴിച്ചാൽ മഴുവന്നൂരിലെ എഴിപ്രം ഭാഗം കൂടി ഉൾപ്പെടുന്നതാണ് ഈ ഡിവിഷൻ. തൊട്ടടുത്ത മഴുവന്നൂർ ഡിവിഷൻ പട്ടികജാതി സംവരണവുമാണ്. ഇതോടെ ഇരു മുന്നണികളുടേയും മണ്ഡലം നേതൃത്വം സ്ഥാനാർത്ഥി പ്രഖ്യാപനത്തിലേയ്ക്ക് കടന്നിട്ടില്ല. തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട് പോയില്ലെങ്കിൽ കാലു വാരലുംപാരയും ജയപരാജയങ്ങളെ ബാധിക്കുമെന്നതിനാൽ വളരെ ആലോചിച്ച് കരുതിക്കൂട്ടിയാകും തീരുമാനം.