rally

കൊച്ചി: കോർപ്പറേഷനിലെ തകർന്നുകിടക്കുന്ന റോഡുകൾക്കെതിരെ വി ഫോർ കൊച്ചി പ്രവർത്തകർ ബൈക്ക് റാലി നടത്തി. ബൈക്ക് റാലിയുടെ ഫ്ലാഗ്ഓഫ് ജനപക്ഷം ബെന്നി ജോസഫ് നിർവഹിച്ചു. വി ഫോർ കൊച്ചി നേതാക്കളായ വിൽഫ്രഡ് മാനുവൽ, ഷക്കീർ അലി, അലക്സാണ്ടർ ഷാജു, വിജേഷ് കെ. വേണുഗോപാൽ, ശ്രീകാന്ത് കീഴേമഠത്തിൽ, കെ.ബി. ജോൺ ജോളി മെപ്സൻ ഫ്രാൻസിസ്, നിയാസ് കുഞ്ഞുമോൻ, ഓസ്റ്റിൻ ബ്രൂസ് എന്നിവർ നേതൃത്വം നൽകി.

ഇരുന്നൂറോളം ബൈക്കുകൾ കൊച്ചി കോർപ്പറേഷന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബൈക്ക് റാലിയിൽ പങ്കെടുത്തു. രണ്ടു വർഷമായി തകർന്നു കിടക്കുന്ന കൂവപ്പാടം സാന്റോ ഗോപാലൻ റോഡിൽ, ചുള്ളിക്കൽ കുമാർ പെട്രോൾ പമ്പിന് സമീപം വി ഫോർ കൊച്ചി കാമ്പയിൻ കൺട്രോളർ നിവേൺ ചെറിയാൻ റാലിയെ അഭിസംബോധന ചെയ്തു. ഫോർട്ട്കൊച്ചി വെളിയിൽ ആരംഭിച്ച റാലി മട്ടാഞ്ചേരി, ചുള്ളിക്കൽ, ബീച്ച് റോഡ്, നസ്രത്ത്, തോപ്പുംപടി, പള്ളുരുത്തി, ഇടക്കൊച്ചി, പെരുമ്പടപ്പ് എന്നീ സ്ഥലങ്ങളിലൂടെ കച്ചേരിപ്പടി 40 അടി റോഡിൽ സമാപിച്ചു. സ്ത്രീകളും യുവതീയുവാക്കളും പങ്കെടുത്തു. വെള്ളയും നീലയും യൂണിഫോം, വി ഫോർ കൊച്ചി പതാക, വി ഫോർ കൊച്ചി മാസ്ക് എന്നിവ അണിഞ്ഞാണ് പ്രവർത്തകർ റാലിയിൽ പങ്കെടുത്തത്.