കൊച്ചി: കെ.പി.സി.സി പുന:സംഘടനയിൽ ഉണ്ടായ പോലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഈഴവരുൾപ്പടെയുള്ള പിന്നാക്കവിഭാഗങ്ങൾ അവഗണിക്കപ്പെട്ടേക്കുമെന്ന ആശങ്കയിൽ പ്രവർത്തകർ.
സമുദായത്തിന് ശക്തിയുള്ള ജില്ലയിൽ കെ.പി.സി.സി പുന:സംഘടനയിൽ രണ്ടു പേർക്ക് മാത്രമാണ് അവസരം ലഭിച്ചത്. ഇതുസംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ ഒരു വിഭാഗം നേതാക്കൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയത്തിലും അവഗണനയുണ്ടായാൽ തിരിച്ചടിയാകുമെന്ന ആശങ്കയും പങ്കുവച്ചിട്ടുണ്ട്.
വൈസ് പ്രസിഡന്റായി കെ.പി. ധനപാലൻ, സെക്രട്ടറിയായി തമ്പി സുബ്രഹ്മണ്യം എന്നിവർക്ക് മാത്രമാണ് പുന:സംഘടിപ്പിച്ച കെ.പി.സി.സിയിൽ ജില്ലയ്ക്ക് ലഭിച്ച ഈഴവപ്രാതിനിധ്യം.
അജയ് തറയിൽ, എം.എ. ചന്ദ്രശേഖരൻ, കെ.പി. ഹരിദാസ്, പി.എൻ പ്രസന്നകുമാർ തുടങ്ങിയ പ്രമുഖർ പുറത്തു പോയി.
മറ്റു സമുദായങ്ങൾക്ക് ലഭിച്ച പരിഗണന ജനസംഖ്യയിൽ പ്രബലമായ ഈഴവർക്ക് ലഭിച്ചില്ല. ജില്ലാതലത്തിലും അർഹമായ പദവികൾ ലഭിച്ചിട്ടില്ല. ലത്തീൻ കത്തോലിക്കർക്കും മുസ്ളീങ്ങൾക്കും അനർഹമായ പ്രാധാന്യം ജില്ലാ കോൺഗ്രസിൽ ലഭിക്കുന്നതായ പരാതികളും ഉയരുന്നു. സ്ഥാനാർത്ഥി നിർണയത്തിലും ഇത് പ്രതിഫലിക്കുമെന്ന് പാർട്ടിയിലെ ഹൈന്ദവരായ പ്രവർത്തകരും നേതാക്കളും ഭയക്കുന്നുണ്ട്.
സമുദായത്തിൽപ്പെട്ട മുതിർന്ന നേതാക്കൾ പ്രാതിനിധ്യം ഉറപ്പാക്കാൻ ഇടപെടൽ നടത്തുന്നില്ലെന്നും പരാതിയുണ്ട്. വയലാർ രവിക്കു ശേഷം സമുദായാംഗങ്ങൾക്ക് അർഹമായ പദവികൾക്ക് വേണ്ടി ശക്തമായി ഇടപെടാൻ ആരും തയ്യാറാകുന്നില്ല. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ ഇതര സമുദായങ്ങൾക്ക് വേണ്ടി നടത്തുന്ന ബാഹ്യസമ്മർദ്ദം ഈഴവർക്ക് വേണ്ടി ഉണ്ടാകുന്നില്ല. മുതിർന്ന നേതാക്കളെ ഇക്കാര്യങ്ങൾ പലരും അറിയിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.
തിരിച്ചടിയാകും
അർഹമായ പരിഗണന നൽകാത്തത് തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്ക സമുദായത്തിൽ പെട്ട നേതാക്കൾക്കുണ്ട്. പാർട്ടിയിലെ അവഗണന തദ്ദേശ തിരഞ്ഞെടുപ്പ് സീറ്റുവിഭജനത്തിലും തുടരാനും സാദ്ധ്യതയുണ്ട്. ഇത് സാധാരണ പ്രവർത്തകരെയും ബാധിക്കും. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികൾക്ക് സാമുദായാംഗങ്ങൾ വോട്ട് മാറ്റിച്ചെയ്താൽ കോൺഗ്രസിനും യു.ഡി.എഫിനും നിലവിലെ സീറ്റുകൾ പോലും നഷ്ടമാകുന്ന ആശങ്ക നിലനിൽക്കുകയാണ്.